ന്യൂഡല്‍ഹി: എകെ 47 203 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള നിര്‍ണ്ണായക കരാറില്‍ റഷ്യയുമായി ഒപ്പിട്ട് ഇന്ത്യ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യ സന്ദര്‍ശന വേളയിലാണ് കരാറില്‍ ഒപ്പിട്ടത്. 7,70,000 എകെ 47 203 റൈഫിളുകളാണ് ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായിട്ടുള്ളത്. ഇതില്‍ 1,00,000 എണ്ണം ഇറക്കുമതി ചെയ്യും. ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കും. എകെ 47 തോക്കുകളുടെ ഏറ്റവും ആധുനിക പതിപ്പാണ് എകെ 47 203. ഇന്ത്യന്‍ സ്മോള്‍ ആംസ് സിസ്റ്റത്തിലെ(ഐഎന്‍എസ്എഎസ്) 5.56×45 എംഎം റൈഫിളുകള്‍ക്ക് പകരമായിരിക്കും പുതിയവ സ്ഥാനം പിടിക്കുന്നത്.
അത്യാധുനിക എകെ 203 റൈഫിളുകളുടെ സംയുക്ത നിര്‍മ്മാണത്തെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്യുന്നതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാകും ഇവയുടെ നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത യുപിയിലെ കോര്‍വ ഓര്‍ഡനന്‍സ് ഫാക്ടറിയിലാകും ഇവയുടെ നിര്‍മ്മാണം. ഓരോ റൈഫിളിനും 1100 ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതും, സാങ്കേതിക കൈമാറ്റ ചെലവും ഉള്‍പ്പെടെയാണ് ഈ തുക വരുന്നത്.
Comments