ലക്നൗ ; അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ലോകോത്തര തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനുള്ള നീക്കവുമായി യോഗി സർക്കാർ . ഇതിനായി ലോകവ്യാപക പ്രചാരണത്തിനായി വിപുലമായ പദ്ധതി ആവിഷ്കരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി .
അയോദ്ധ്യയുടെ വികസനം ലക്ഷ്യമിട്ട് 2000 കോടിയോളം രൂപയുടെ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത് . അയോദ്ധ്യയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി തീര്‍ക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി അയോദ്ധ്യയെ “സൗരനഗരമായി” വികസിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പദ്ധതികളിൽ ഒന്ന് .
അയോദ്ധ്യയിലെ ഗുപ്താർ ഘട്ട് മുതൽ നയാ ഘട്ട് വരെ നീളുന്ന നദീതീരത്തിനായും പദ്ധതികൾ ആവിഷ്ക്കരിക്കും . ഭൂഗർഭ പവർ കേബിളുകളുടെ പ്രവർത്തനവും ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
അയോദ്ധ്യയിൽ രണ്ട് ബസ് സ്റ്റേഷനുകൾ നിർമ്മിക്കുക, അയോദ്ധ്യയ്ക്ക് ചുറ്റുമുള്ള ‘ പഞ്ചകോസി ചൗദാകോസി ’,‘ ചൗരസികോസി ’ എന്നിവ വികസിപ്പിക്കുക. അയോദ്ധ്യയിലെ എല്ലാ റോഡുകളും മുൻഗണനാടിസ്ഥാനത്തിൽ വിശാലമാക്കുക. രാം-ജനകി പാത ലോകോത്തര നിലവാരമായി നിർമ്മിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗി മുന്നോട്ട് വച്ചിട്ടുണ്ട് .
Comments