പഴങ്കഞ്ഞി എന്ന് കേള്‍ക്കുമ്പോള്‍ മിക്ക ആളുകളുടേയും മുഖം ചുളിയുന്നു. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ ആരും ഇത് ഒഴിവാക്കുകയുമില്ല. സാധാരണ രീതിയില്‍ തലേദിവസം വെള്ളം ഒഴിച്ചു വെയ്‌ക്കുന്ന ചോറ് പിറ്റേ ദിവസം എടുത്ത് തൈരും മുളകും കൂട്ടി കഴിക്കുന്നതാണ് പതിവ്. എന്നാല്‍ പ്രധാനമായും പഴങ്കഞ്ഞി തയ്യാറാക്കേണ്ടത് മണ്‍ കലത്തിലാണ്. തലേ ദിവസത്തെ ചോറ് മണ്‍ കലത്തിലിട്ട് അതിലേക്ക് വെള്ളം ഒഴിച്ച് തൈരും ചെറിയ ഉള്ളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി അടച്ചു വയ്‌ക്കുക. പിറ്റേ ദിവസം രാവിലെ അത് നന്നായി ഉടച്ചു കഴിയ്‌ക്കാം.
ഇതു പ്രഭാത ഭക്ഷണമായി കഴിക്കുകയാണെങ്കില്‍ ആ ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തികള്‍ക്കുമുളള ഊര്‍ജം ലഭിക്കുന്നു. പഴങ്കഞ്ഞിയില്‍ അടങ്ങിയ ലാക്റ്റിക് ആസിഡിന്റെ ബാക്ടീരിയകള്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളെ വിഘടിപ്പിച്ച് പൊട്ടാസ്യം, അയണ്‍, കാത്സ്യം എന്നീ പോഷക ഗുണങ്ങളെയെല്ലാം കൂട്ടുന്നു.
അതുകൂടാതെ തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ആന്തരിക അവയവങ്ങള്‍ക്ക് ബലം നല്‍കാനും പഴങ്കഞ്ഞി ഏറെ ഉത്തമമാണ്. കേരളത്തില്‍ മാത്രം അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമാണ് ഈ പഴങ്കഞ്ഞി സമ്പ്രദായം ഉള്ളത് എന്ന് ഒരു തെറ്റായ ധാരണ നമ്മളില്‍ മിക്ക ആളുകള്‍ക്കും ഉണ്ട്. എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ്. പുളിച്ച ചോറ് കഴിക്കുന്നത് തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിലനിൽക്കുന്ന രീതിയാണ്.















