ന്യൂഡല്‍ഹി: വിരമിക്കലില്‍ നിന്ന് ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗിന് ആഗ്രഹം അത്ര പെട്ടെന്ന് നടക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ യുവരാജിന് മടങ്ങി വരവിനുള്ള അനുമതി കൊടുക്കാനിടയില്ലെന്നാണ് വിവരം. ബിസിസിഐയുടെ നിയമങ്ങള്‍ തന്നെയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബിസിസിഐയുടെ റെക്കോര്‍ഡുകളില്‍ യുവരാജിനെ വിരമിച്ച താരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിസിസിഐയുടെ നിയമപ്രകാരം വിരമിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒരു താരത്തിന് വീണ്ടും മത്സരരംഗത്തേക്കു മടങ്ങിവരാന്‍ അവകാശമില്ല. ഇതിനു പുറമെ, ഈ ലിസ്റ്റിന്റെ ഭാഗമായതിന്റെ ആനുകൂല്യം ഒരു തവണ അദ്ദേഹം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. വിരമിച്ച താരമെന്ന നിലയില്‍ പ്രതിമാസം 22,500 രൂപ ബിസിസിഐ യുവിക്കു നല്‍കുന്നുണ്ട്. ഇവയെല്ലാം ഔദ്യോഗിക രേഖയായിക്കഴിഞ്ഞതിനാല്‍ യുവിയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടായേക്കും.
വിരമിച്ച ശേഷം രണ്ടു വിദേശ ലീഗുകളില്‍ യുവരാജ് കളിച്ചിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20, യുഎഇയിലെ ടി10 ലീഗ് എന്നിവയിലാണ് അദ്ദേഹം പാഡണിഞ്ഞത്. അന്താരാഷ്‌ട്ര ക്രിക്കറ്റ്, ആഭ്യന്തര ക്രിക്കറ്റ് എന്നിവയില്‍ വിരമിക്കുന്ന താരങ്ങള്‍ക്കു മാത്രമേ വിദേശ ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐ എന്‍ഒസി നല്‍കാറുള്ളൂ. അബുദാബിയിലെ ടി10 ലീഗില്‍ കളിച്ചതിനാല്‍ സ്പിന്നര്‍ പ്രവീണ്‍ താംബെയെ ബിസിസിഐ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും വിലക്കിയതും യുവരാജിന്റെ മടങ്ങി വരവിന് വെല്ലുവിളിയാണ്.















