ഫിലഡല്‍ഫിയ: ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന റെക്കോര്‍ഡില്‍ ലയണല്‍ മെസിക്കൊപ്പം എത്തി ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ. പാരഗ്വെയെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റിയിലൂടെ നേടിയ ഗോളോടെയാണ് എംബാപ്പെ ഈ ചരിത്രനേട്ടത്തിലെത്തിയത്. നോക്കൗട്ട് മത്സരങ്ങളില്‍ എംബാപ്പെയുടെ പേരില്‍ ഇപ്പോള്‍ 11 ഗോളുകളും ഒരു അസിസ്റ്റും ഉള്‍പ്പെടെ 12 ഗോള്‍ പങ്കാളിത്തങ്ങളാണുള്ളത്.
ഇതോടെ മെസി സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് ഫ്രഞ്ച് സൂപ്പര്‍താരം എത്തിയത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ നേടിയ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിക്കൊപ്പമാണ്. ഇരുവരും ഏഴ് ഗോളുകള്‍ വീതം നേടി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന നേട്ടം 20 ഗോളുകളുമായി മെസിക്കാണ്. 19 ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടാനായാല്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പമോ അതിന് മുകളിലോ എത്താന്‍ എംബാപ്പെയ്‌ക്ക് അവസരമുണ്ട്. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ അഞ്ച് ഗോളുകള്‍ വീതം നേടിയ നോര്‍വെയുടെ എര്‍ലിങ് ഹാളണ്ടും ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും രണ്ടാം സ്ഥാനത്തുണ്ട്. ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, സ്‌പെയിന്റെ മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ നാല് ഗോളുകള്‍ വീതവുമായി തൊട്ടുപിന്നിലുണ്ട്.
അതേസമയം, ഫ്രാന്‍സ്-പാരഗ്വെ മത്സരത്തിനിടെ ചെറിയ സംഘര്‍ഷവും അരങ്ങേറി. പന്തുമായി മുന്നേറുകയായിരുന്ന എംബാപ്പെയെ പാരഗ്വെ താരം ആന്ദ്രേ കുബാസ് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും തള്ളിക്കയറ്റവും ഉണ്ടായത്. തുടര്‍ന്ന് ഇരു ടീമുകളിലെയും താരങ്ങള്‍ ചുറ്റും കൂടിയെങ്കിലും റഫറിയുടെ ഇടപെടലില്‍ സ്ഥിതി ശാന്തമായി.















