തൃശൂർ: ചാവക്കാട്–പൊന്നാനി ദേശീയപാതയിലെ പാലപ്പെട്ടി അമ്പലത്തിന് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വെളിയങ്കോട് സ്വദേശി അബുവിന്റെ മകൻ മഷ്ഹൂദ് ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. സർവീസ് റോഡിൽ യാത്രക്കാരനെ ഇറക്കുന്നതിനായി ബസ് നിർത്തിയിരിക്കെ പിന്നിൽ നിന്ന് എത്തിയ ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഷ്ഹൂദിനെയും ഒപ്പമുണ്ടായിരുന്ന വെളിയങ്കോട് സ്വദേശികളായ അൻഷിഫിനെയും ഫാറൂഖിനെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്‌ക്കിടെ മഷ്ഹൂദിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷിഫും ഫാറൂഖും ചികിത്സയിലാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി സ്ഥലത്തെ സാഹചര്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്.














