ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്പാനിഷ്-പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ 2020-21 സീസണിന് ഇന്ന് തുടക്കം. കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെയാണ് പുതിയ സീസണും നടക്കുക. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളും സ്പാനിഷ് ലീഗ് റയല്‍ മാഡ്രിഡും സ്വന്തമാക്കിയെങ്കില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നതിനാല്‍ ഇത്തവണ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.
ഇന്ന് വൈകീട്ട് 5 മണിക്ക് ഫുള്‍ഹാമും ആഴ്സണലും തമ്മിലാണ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരം. 7.30ന് ക്രിസ്റ്റല്‍ പാലസ് സതാംപ്റ്റണെയും രാത്രി 10ന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ലീഡ്സ് യുണൈറ്റഡിനെയും നേരിടും. ചെല്‍സിയുടെ ആദ്യ മത്സരം 14നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ മത്സരം 19നും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ മത്സരം 22നുമാണ് നടക്കുക.
ഇന്ന് വൈകീട്ട് 7.30ന് സ്പാനിഷ് ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ഐബര്‍ സെല്‍റ്റാ വിഗോയെയും രാത്രി 10 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗ്രനേഡ അത്‌ലറ്റിക്കോ ബില്‍ബാവോയെയും നേരിടും. അതേസമയം, നാളെ നടക്കാനിരുന്ന റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും മത്സരങ്ങള്‍ മാറ്റിവെച്ചു. റയല്‍ 21നും ബാഴ്‌സ 27നുമാണ് കളത്തിലിറങ്ങുക. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരം ലയണല്‍ മെസി ടീമിനൊപ്പമുണ്ടെന്ന ആശ്വാസത്തിലാണ് ബാഴ്‌സലോണ.















