കഥകൾ ഏറെ പറയുവാനുണ്ട് പാലക്കാടിന്. ഭൂതകാലങ്ങളെ തൊട്ടുണർത്തുന്ന നിരവധിയിടങ്ങൾ ഇന്നും ഇവിടെ സംരക്ഷിച്ചുവരുന്നു. 300 വർഷങ്ങളുടെ പഴക്കമുള്ള, സിനിമാപ്രേമികളുടെ പ്രിയ ഇടം കൂടിയായ ഒളപ്പമണ്ണ മനയിലേക്ക് ഒരു യാത്ര പോകാം.
പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിലാണ് ഒളപ്പമണ്ണ മന സ്ഥിതിചെയ്യുന്നത്. നാടിന്റെ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇത്.
20 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ മന പഴയ കാല വാസ്തു വിദ്യയുടെ നല്ലൊരു ഉദാഹരണം തന്നെയാണ്. എട്ടുകെട്ട് മന ആയ ഒളപ്പമണ്ണയ്‌ക്ക് നാലുകെട്ടുള്ള കുളം ആണുള്ളത്. വിശാലമായ ഹാളുകൾ, കിടപ്പുമുറികൾ, റെസ്റ്റ് റൂമുകൾ, പ്രധാന കെട്ടിടത്തിന്റെ ചുറ്റുമായി കാണപ്പെടുന്ന മൂന്ന് വലിയ പത്തായ പുരകൾ എന്നിവയാണ് മനയെ കൂടുതൽ മനോഹരമാക്കുന്നത്. കൂടാതെ പടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന കെട്ടിടത്തിന് മൂന്ന് നിലകൾ ആണുള്ളത്.
കഴിഞ്ഞുപോയ കാലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകാൻ ഒളപ്പമണ്ണ മനയ്‌ക്ക് സാധിക്കുമെന്ന് തീർച്ച. ഒളപ്പമണ്ണ നമ്പൂതിരിമാരുടെ തറവാട് ആയിരുന്ന ഈ മന തുടക്കത്തിൽ മൺ ചുമരുകൾ കൊണ്ടും ഓല മേഞ്ഞ മേൽക്കൂരകളും മാത്രമായിരുന്ന മന പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിൽ ആകുന്നത്.
150-200 വർഷങ്ങൾക്ക് മുന്ന് ഈ മനയിൽ വെച്ചാണ് കഥകളി കലാരൂപത്തിലെ കല്ലുവഴി ചിട്ട രൂപപ്പെടുത്തിയത്. അതിനാൽ തന്നെ ഒളപ്പമണ്ണ മന കഥകളി മന എന്ന പേരിലും അറിയപ്പെടുന്നു.
മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ മഹാകവി ഒളപ്പമണ്ണ, ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, ഡോ.ഒ.എം.അനുജൻ, സുമംഗല, നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരുടെ ജന്മഗൃഹമായിരുന്നു ഇത്.
നരസിംഹം, ഒടിയൻ, ദ്രോണ, മാടമ്പി, നരൻ, ആകാശഗംഗ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ നമ്മുക്ക് ഏറെ പ്രിയപ്പെട്ട ഇടമായി മാറിയ ഒളപ്പമണ്ണ മന പാലക്കാടിന്റെ നിത്യ സൗന്ദര്യത്തിന്റെ അടയാളം തന്നെയാണ്.
പാലക്കാട് ടൗണിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരമാണ് ഒളപ്പമണ്ണ മനയിലേക്ക് ഉള്ളത്. സിനിമകളിലൂടെ മാത്രം കണ്ടുപരിചയം ഉള്ള മനയെ തേടി വിവിധയിടങ്ങളിൽ നിന്നുമായി നിരവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്.
Comments