ദുബായ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തലവേദനയായി കൊറോണ. ഇന്ത്യൻ യുവതാരം റുതുരാജ് ഗെയ്ക്വാദിന്റെ പരിശോധന ഫലം വീണ്ടും പോസിറ്റീവായി. സുരേഷ് റെയ്‌നയുടെ അഭാവത്തിൽ ഗെയ്ക്വാദിനെ കളിപ്പിക്കാനുള്ള ചെന്നൈയുടെ തീരുമാനത്തിന് ഇത് തിരിച്ചടിയായിരിക്കുകയാണ്.
പരിശോധന ഫലം വീണ്ടും പോസിറ്റീവായതോടെ ഗെയ്ക്വാദിന് ക്വാറന്റൈനിൽ തന്നെ തുടരേണ്ടി വരും. ശനിയാഴ്ച മുംബൈ ഇന്ത്യൻസിനെതിരായ ഉദ്ഘാടന മത്സരത്തിൽ ഇതോടെ ഗെയ്ക്വാദിന് കളിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തേ, സഹതാരം ദീപക് ചഹറിനൊപ്പം ചെന്നൈയിൽ കൊറോണ ബാധിച്ച 13 പേരിൽ ഒരാളായിരുന്നു ഗെയ്ക്വാദ്. എന്നാൽ, ചഹർ രോഗമുക്തനായി തിരിച്ചെത്തുകയും ടീമിനൊപ്പം ചേരുകയും ചെയ്തിട്ടുണ്ട്.
14 ദിവസത്തെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് വീണ്ടും കൊറോണ ടെസ്റ്റിനു വിധേയനാക്കിയപ്പോഴും ഗെയ്ക്വാദിന്റെ ഫലം പോസിറ്റീവായി തന്നെ തുടരുന്നത് ചെന്നൈ ക്യാമ്പിൽ ആശങ്കയായിരിക്കുകയാണ്. ഗെയ്ക്വാദിന് പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിശോധന ഫലം വീണ്ടും പോസിറ്റീവായത് അപ്രതീക്ഷിതമാണെന്നാണ് സിഎസ്‌കെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്.















