വൈകാരിക നിമിഷങ്ങളിൽ നമ്മൾ പോലും അറിയാതെ കണ്ണുകൾ നിറയാറുണ്ട്. എന്നാൽ മറ്റു ചിലർ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയാൽ പോലും ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കില്ല. എന്തുതന്നെ ആയാലും ഈ കരച്ചില് കൊണ്ട്, ചില ഗുണങ്ങളൊക്കെയുണ്ട്…സംഭവം എന്താന്നെല്ലേ..? കണ്ണിന് ഈർപ്പവും രോഗങ്ങളിൽ നിന്ന് പരിരക്ഷയും നൽകുന്നതിനൊപ്പം കൺപോളകൾക്കിടയിൽ ലൂബ്രിക്കന്റായുമൊക്കെ പ്രവർത്തിക്കുന്നത് കണ്ണുനീരാണ്. അതേസമയം കരയുന്നത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് മാനസികാരോഗ്യ വിദഗ്ധരും പറയുന്നുണ്ട്.
കരയുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ….?
- ദീർഘനേരം കരയുന്നതിന്റെ ഫലമായി ശരീരത്തില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. തന്മൂലം ഈ രാസവസ്തുക്കൾ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കും.
- വളരെയധികം സന്തോഷം തോന്നുമ്പോഴോ ഭയപ്പെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കും.
- കരയുന്നത് സ്ട്രെസ് ഉണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
- കരച്ചിൽ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് കുഞ്ഞിനെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
- കണ്ണുനീരിലുള്ള ലൈസോസൈം എന്ന രാസവസ്തു, ബാക്ടീരിയ, എന്നിവ മൂലമുണ്ടാകുന്ന അണുബാധയെ നശിപ്പിക്കും.
- കരയുമ്പോള്‍, കൃഷ്ണമണിയും കണ്‍പോളകളും കൂടുതല്‍ വൃത്തിയാകും. ഇത് കാഴ്ചയ്ക്ക് കൂടുതല്‍ വ്യക്തതയേകുന്നു.
പ്രധാനമായും മനുഷ്യ ശരീരത്തിൽ മൂന്ന് തരം കണ്ണുനീരാണ് ഉള്ളത്- ‘റിഫ്ലക്സ് ടിയേഴ്സ്’, ‘കണ്ടിന്യുവസ് ടിയേഴ്സ്’, ‘ഇമോഷണൽ ടിയേഴ്സ്’.
റിഫ്ലക്സ് ടിയേഴ്സ് – കണ്ണിലടിഞ്ഞിരിക്കുന്ന പൊടി, പുക എന്നിവയെ തുടച്ചു നീക്കുന്നതിന് സഹായിക്കുന്നു.
കണ്ടിന്യുവസ് ടിയേഴ്സ് – 98 ശതമാനവും വെള്ളമടങ്ങിയതാണ് ഈ കണ്ണുനീർ. ഇത് കണ്ണിന് ലൂബ്രിക്കേറ്റിംഗ് നൽകി അണുബാധയിൽ നിന്ന് തടയുന്നു.
ഇമോഷണൽ ടിയേഴ്സ്– മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് ഈ കണ്ണുനീർ സഹായിക്കും.
ഏതായാലും, ഇനി കരയാന്‍ തോന്നുമ്പോള്‍, അത് അടക്കിവെക്കേണ്ട… നന്നായി കരഞ്ഞോളൂ…!
Comments