മുംബൈ: കൊറോണ കാലത്ത് ബാഡ്മിന്റണ്‍ തിരികെ എത്തിക്കാന്‍ മിനി-ലീഗുകള്‍ വേണമെന്ന് പുല്ലേലാ ഗോപീചന്ദ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ കോച്ചായ ഗോപീചന്ദാണ് ആശയം പങ്കുവെച്ചത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള സുരക്ഷാ ബബിളുകളായി സ്റ്റേഡിയം മാറ്റിക്കൊണ്ടുള്ള മത്സരം നടത്തണമെന്നാണ് ആവശ്യം.
പ്രധാന താരങ്ങള്‍ പരസ്പരം മത്സരിക്കുന്ന ലീഗുകള്‍ നടത്തിയാല്‍ താരങ്ങളുടെ ക്ഷമത വര്‍ദ്ധിക്കുമെന്നും ഇന്ത്യന്‍ ബാഡ്മിന്റണും കായികതാരങ്ങള്‍ക്കും ഗുണകരമാവുമെന്നും ഗോപീചന്ദ് പറഞ്ഞു. ഗോപീചന്ദിന്റെ അഭിപ്രായം നൂതനമായ ആശയമാണെന്നും ഏറെ സ്വാഗതാര്‍ഹമാണെന്നും കായികതാരങ്ങള്‍ അഭിപ്രായപ്പെട്ടു.
കായികരംഗവും ശാരീരിക ക്ഷമതയും ലോക്ഡൗണും എന്ന വിഷയത്തിലെ വെബിനാറില്‍ സംസാരിക്കവേയാണ് കോര്‍ട്ടുകളില്‍ നടക്കുന്ന മത്സരങ്ങള്‍ മിനി-ലീഗായി നടത്തണമെന്ന ആശയം ഗോപീചന്ദ് മുന്നോട്ട് വെച്ചത്. കായിക താരങ്ങളെല്ലാം കായിക അക്കാദമി ക്യാമ്പസുകളിലെ പരിശീലനത്തില്‍ വ്യാപൃതരാണ്. ഒക്ടോബര്‍ മുതല്‍ പരിശീലനം കൂട്ടുമെന്നും ഗോപീചന്ദ് പറഞ്ഞു.















