ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശ്രീരംഗനാഥസ്വാമി ക്ഷേത്രം. തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റര്‍ ദൂരെയാണ് ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളിയിലെ ഒരു ദ്വീപനഗരമായ ശ്രീരംഗിന്റെ ഒരു വശത്ത് കാവേരിയും മറു വശത്ത് കാവേരിയുടെ പോഷക നദിയായ കൊള്ളിടവുമാണ് ഉളളത്. നൂറ്റിഅന്പത്തിയാറ് ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഈ ക്ഷേത്രം ഏറ്റവും കൂടുതല്‍ വിഷ്ണു ഭക്തര്‍ എത്തിച്ചേരുന്നതും ഇന്ത്യയിലെ ഏറ്റവും വലിയ വൈഷ്ണവ ആരാധനയുടെ കേന്ദ്രവുമാണ്. അനന്തശയന രൂപത്തിലുള്ള വിഷ്ണു ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. മഹാലക്ഷ്മി ഇവിടെ രംഗനായകി എന്നാണ് അറിയപ്പെടുന്നത്.
തുമ്പിക്കൈ ആഴ്വാര്‍ എന്ന പേരിലാണ് ഗണപതിയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ശ്രീരാമന്, ശ്രീകൃഷ്ണന്, നരസിംഹ മൂര്‍ത്തി, ധന്വന്തരി തുടങ്ങി മഹാവിഷ്ണവിന്റെ അവതാരങ്ങളും രാമാനുജാചാര്യരും ക്ഷേത്രത്തില്‍ ഉപദേവതകളാണ്.
ഇരുപത്തിയൊന്നു ഗോപുരങ്ങള്‍ ഉള്ള ക്ഷേത്രത്തിലെ എഴുപത്തിരണ്ട് മീറ്റര്‍ ഉയരമുള്ള രാജഗോപുരം ഏഷ്യയില്‍ തന്നെ ഏറ്റവും ഉയരമുള്ള രാജഗോപുരമാണ്. പൂര്‍ണമായും സ്വര്‍ണം കൊണ്ടു നിര്‍മിച്ച് വൈദ്യുത വേലിക്കകത്ത് സംരക്ഷിച്ചിരിക്കുന്ന ഒരു ഗോപുരവും ഇവിടെയുണ്ട്. തെക്കോട്ട് ദര്‍ശനമായ പ്രതിഷ്ഠയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീരംഗനാഥസ്വാമി ക്ഷേത്രം.
ത്രേതായുഗത്തില്‍ ശ്രീരാമന്റെ കൈയിലെത്തിയ ബ്രഹ്മാവ് പൂജിച്ച വിഷ്ണു വിഗ്രഹം രാവണനിഗ്രഹത്തിനു ശേഷം വിഭീഷണനു നല്കി. ലങ്കയിലേക്കുളള യാത്രയ്ക്കിടയില്‍ ശ്രീരംഗത്തെത്തിയപ്പോള്‍ വിഭീഷണന് വിഗ്രഹം വിഷ്ണു ഭക്തനായ ചോളരാജാവ് ധര്‍മവര്‍മ രാജാവിന്റെ രാജ്യമായിരുന്ന ചന്ദ്രപുഷ്കരണിയുടെ തീരത്തു വച്ചു. മടങ്ങാന്‍ നേരം വിഭീഷണന് വിഗ്രഹം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിഗ്രഹം അവിടെ ഉറച്ചു പോയിരുന്നു. ഇവിടെയിരുന്നു കൊണ്ട് തെക്കോട്ട് ലങ്കയില്ക്കു നോക്കി, പരിപാലിച്ചു കൊളളാമെന്നും കാവേരിയുടെ തീരത്ത് ധര്‍മ വര്‍മന്റെ രാജ്യത്ത് കഴിയാനാണ് തനിക്കിഷ്ടമെന്നും ഭഗവാന് പറഞ്ഞു.
അങ്ങനെയാണ് വിഗ്രഹം തെക്കോട്ട് ദര്ശനമായത്. ക്രമേണ വിഗ്രഹം വച്ചിരുന്ന സ്ഥലം കാടു പിടിച്ചു പോയി. പിന്നീട് ഒരു തത്തയെ പിന്തുടര്ന്നു വന്ന ചോള രാജാവ് അതു കണ്ടു പിടിക്കുകയും അവിടെ രംഗനാഥസ്വാമി ക്ഷേത്രം പടുത്തുയര്‍ത്തുകയും ചെയ്തു എന്നാണ് ഐതീഹ്യം. നാലു കിലോമീറ്റര്‍ ചുറ്റളവുളള ഈ ക്ഷേത്രത്തില്‍ ആദ്യകാലങ്ങളില്‍ ശ്രീരംഗം നഗരത്തിലെ മുഴുവന്‍ ജനങ്ങളും ഈ ക്ഷേത്രത്തിന്റെ ഉള്ളിലാണ് ജീവിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. കാവേരി നദിക്ക് മധ്യത്തിലുള്ള ദ്വീപുകളില്‍ സ്ഥിതിചെയ്യുന്ന മൂന്ന് രംഗനാഥ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം.
Comments