ആലപ്പുഴ: കേന്ദ്ര സർക്കാർ അവതരിപ്പിച്ച കാർഷിക ബില്ലുകളെ പിന്തുണച്ച് ബിഡിജെഎസ്. ബിൽ കർഷകർക്ക് പ്രയോജനകരമാണെന്ന്
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പളളി വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കാർഷിക മേഖലയിലെ നാഴികക്കല്ലാണ് ഈ ബില്ലുകളെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ തുഷാർ വെള്ളാപ്പളളി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും കാർഷിക രംഗത്ത് വൻ വളർച്ച ഉണ്ടാക്കാനും കാർഷിക പരിഷ്കരണ ബില്ലിലൂടെ കഴിയും.
കർഷകർ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതും മെച്ചപ്പെട്ട വിപണന സൗകര്യം ഇല്ലാത്തതുമാണ്. വിളകൾക്ക് വില ലഭിക്കാത്തതു മൂലം വിള ഉപേക്ഷിക്കുന്ന നിരവധി കർഷകർ നമ്മുടെ ഗ്രാമങ്ങളിൽ ഉണ്ട്. പുതിയ ബില്ലുകൾ വഴി ഇന്ത്യയിലെവിടെയും കർഷകർക്ക് വിപണനം നടത്താൻ കഴിയുമെന്ന് തുഷാർ വെള്ളാപ്പളളി ചൂണ്ടിക്കാട്ടി.
അധികാരത്തിൽ ഇരിക്കുമ്പോൾ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് ഇന്ന് ബില്ലിനെതിരെ പ്രചാരണം നടത്തുന്നത്. നിലവിൽ ഇടനിലക്കാരാണ് ലാഭം കൈയ്യടക്കുന്നതിൽ ഭൂരിപക്ഷവും. ഇവരെ ഒഴിവാക്കി വിൽപ്പനക്കാരുമായി കർഷകർക്ക് നേരിട്ട് കരാറിൽ ഏർപ്പെടുവാനും ബിൽ അവസരമൊരുക്കുന്നതായി തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
Comments