ഭൂമിയിലെ ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. പ്രധാനപ്പെട്ട വിറ്റാമിനുകൾ, ധാതുക്കൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഓട്സ് ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് . ശരീര ഭാരം കുറക്കാൻ , രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ , ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ എന്നിവക്കെല്ലാം ഉത്തമ ആഹാരമാണ് ഓട്സ് .
ഓട്സ് ഉപയോഗിച്ച് ആരോഗ്യകരവും പോഷകസമൃദ്ധവുമായ ധാരാളം വിഭവങ്ങൾ ഉണ്ടാക്കാം . അതിൽ ഒന്നാണ് പ്രഭാത ഭക്ഷണമായി കഴിക്കാവുന്ന ഓട്സ് ദോശ . ഇതെങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം
ഓട്സ് ദോശ ഉണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ : ഓട്സ് , റവ , അരിപ്പൊടി , തൈര് , വെള്ളം , സവാള , ഇഞ്ചി , പച്ചമുളക് , മല്ലിയില , കറിവേപ്പില , ജീരകം , കുരുമുളക് , ഉപ്പ് , ചിരകിയ തേങ്ങ .
ഓട്സ് ദോശ തയ്യാറാക്കുന്ന വിധം : ഓട്സ് നന്നായി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക . സവാള , ഇഞ്ചി , പച്ചമുളക് , മല്ലിയില , കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞു വെക്കുക . ഒരു പാത്രം എടുത്ത് അതിലേക്ക് പൊടിച്ചു വെച്ചിരിക്കുന്ന ഓട്സ് , അരിപ്പൊടി , റവ എന്നിവ ചേർക്കുക . ഇതിലേക്ക് കാൽ കപ്പ് തൈരും ഒരു കപ്പ് വെള്ളവും ചേർക്കുക . എല്ലാ ചേരുവകളും കൂടി നന്നായി കലക്കിയെടുക്കുക . ദോശ ചുടാൻ പാകത്തിനുള്ള പരുവത്തിൽ ആകും വരെ നന്നായി യോജിപ്പിക്കുക . തരികൾ ഒന്നും ഇല്ലാതെ നന്നായി കലങ്ങിയതിന് ശേഷം മാവിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള , ഇഞ്ചി , പച്ചമുളക് , മല്ലിയില , കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ഇതിലേക്ക് ജീരകം , കുരുമുളക് , ഉപ്പ് എന്നിവ പൊടിച്ചു ചേർക്കുക . കൂട്ടത്തിൽ അല്പം ചിരകിയ തേങ്ങ കൂടി ചേർത്ത് മാവു നന്നായി കലക്കി ചേരുവകൾ എല്ലാം നന്നായി യോജിപ്പിക്കുക . എന്നിട്ടു മാവ് പത്തു മിനിറ്റ് മാറ്റി വെക്കുക .
പത്തു മിനിറ്റിനു ശേഷം മാവിന്റെ കട്ടി നോക്കി വേണമെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ ചുടാനുള്ള പരുവത്തിലാക്കിയെടുക്കുക . വെള്ളം കൂടി പോവാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് . ദോശ കല്ല് ചൂടാക്കിയതിന് ശേഷം മാവ് ഒഴിച്ച് കൊടുക്കുക . സാധാരണ ദോശ ചുടാൻ നേരം പരത്തുന്നത് പോലെ ഇവിടെ ചെയ്യരുത് . അപ്പത്തിനൊക്കെ ഒഴിക്കും പോലെ വട്ടത്തിൽ മാവു ഒഴിച്ച് കൊടുക്കുകയെ ചെയ്യാവൂ . ദോശ വെന്തു തുടങ്ങുമ്പോൾ വേണമെങ്കിൽ മുകളിലായി അല്പം നെയ്യോ എണ്ണയോ ഒഴിച്ച് കൊടുക്കാം . ഒരു ഭാഗം വെന്തു കഴിയുമ്പോൾ മറിച്ചിട്ടു മറു ഭാഗവും വേവിക്കുക .
രുചികരവും ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ അത്യുഗ്രൻ പ്രഭാത ഭക്ഷണമായ ഓട്സ് ദോശ തയ്യാർ .
Comments