ഷാര്‍ജ: ആവേശകരമായ മത്സരത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മുട്ടുകുത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. 16 റണ്‍സിനായിരുന്നു രാജസ്ഥാന്റെ ജയം. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്‌ക്ക് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഓപ്പണര്‍മാരായ മുരളി വിജയിയും(21) ഷെയ്ന്‍ വാട്‌സണും(33) ചെന്നൈയ്‌ക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഫാഫ് ഡുപ്ലിസി അവസാനം വരെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 37 പന്തില്‍ ഒരു ബൗണ്ടറിയും 7 സിക്‌സറുകളും പറത്തിയ ഡുപ്ലസി 72 റണ്‍സ് നേടി. സാം കറന്‍ 17ഉം കേദാര്‍ ജാദവ് 22ഉം റണ്‍സ് നേടി. അവസാന ഓവറില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി തുടര്‍ച്ചയായി മൂന്ന് കൂറ്റന്‍ സിക്‌സറുകള്‍ പറത്തിയെങ്കിലും രാജസ്ഥാന്‍ ജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ധോണി 29 റണ്‍സ് നേടി പുറത്താകാതെ നിന്നു.
രാഹുല്‍ തെവാതിയയുടെ സ്‌പെല്ലാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. 4 ഓവറില്‍ 37 റണ്‍സ് വഴങ്ങിയ തെവാതിയ 3 വിക്കറ്റ് വീഴ്‌ത്തി. ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















