ലക്നൗ : സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാൻ ‘ ഓപ്പറേഷൻ ദുരാചാരി ‘ ആരംഭിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുറ്റവാളികൾ, പീഡനക്കേസ് പ്രതികൾ എന്നിവരുടെ പോസ്റ്ററുകൾ തെരുവുകളിൽ സ്ഥാപിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് . ഇത്തരം പീഡനക്കേസുകളിൽ പ്രതിയാകുകയും , എന്നാൽ പുറം ലോകത്ത് ഈ വിവരം അറിയാതിരിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പതിക്കുന്നത്.
ഇത്തരം കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്നും അവരുടെ ഫോട്ടോകൾ തെരുവുകളിൽ പതിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചതായി സംസ്ഥാന സർക്കാർ വക്താവ് വ്യക്തമാക്കി.
‘ഓപ്പറേഷൻ ദുരാചാരി’ പ്രകാരം ആന്റി-റോമിയോ സ്ക്വാഡുകൾ സജീവമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും . സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാൽ, ബീറ്റ് ഇൻ-ചാർജ്, സ്റ്റേഷൻ ഓഫീസർ, സർക്കിൾ ഓഫീസർ എന്നിവരെ ഉത്തരവാദികളാക്കുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി.
ഇതു കൂടാതെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പേര്, ഫോട്ടോ, വിലാസം എന്നിവയും ഇത്തരത്തിൽ പോസ്റ്ററുകളായി പുറത്തിറക്കും. സമാനമായ രീതിയിൽ യോഗി സർക്കാർ സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ പേരും വിലാസവും സഹിതം ലക്നൗവിലെ തെരുവുകളിൽ പതിച്ചിരുന്നു.
Comments