തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന സംഭവം ആരും മറക്കാനിടയില്ല. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച ക്രൂരതയും പ്രതികളുടെ എൻകൗണ്ടറും സിനിമയാകുന്നു. ദിക്ഷ എൻകൗണ്ടർ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. രാം ഗോപാൽ വർമ്മ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് ചന്ദ്രയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
ശ്രീകാന്ത്, പ്രവീൺ,സോണിയ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാകും ചിത്രം റിലീസ് ചെയ്യുക.
കഴിഞ്ഞ നവംബർ 28 നാണ് രാജ്യത്തെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇവരെ വെടിവെച്ചു കൊലപ്പെടുത്തി. കേസിലെ മുഖ്യപ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ, എന്ന ആരിഫ്, ജോളുനവീൻ, ചിന്നകേശവുലു, ജോളുശിവ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
Comments