ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വെങ്കലം സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ ഡബിള്‍സ് സഖ്യം ട്രീസ ജോളി-ഗായത്രി ഗോപിചന്ദിന് ലോക റാങ്കിങ്ങിലും വന്‍ നേട്ടം. ചാമ്പ്യന്‍ഷിപ്പിന് മുമ്പ് 39-ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ സഖ്യം പുതിയ റാങ്കിങ്ങില്‍ 12 സ്ഥാനങ്ങള്‍ മുന്നേറി 27-ാം റാങ്കിലെത്തി. ലോക റാങ്കിങ്ങിലെ ആദ്യ 50 സ്ഥാനങ്ങളിലുള്ള വനിതാ ഡബിള്‍സ് താരജോഡികളില്‍ ഏറ്റവും വലിയ മുന്നേറ്റമാണ് ട്രീസ-ഗായത്രി സഖ്യം നടത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ ഇത്ര വലിയ കുതിപ്പിന് വഴിയൊരുക്കിയത്.
ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള താരങ്ങളെ ഒന്നൊന്നായി വീഴ്‌ത്തിയാണ് ട്രീസയും ഗായത്രിയും സെമിഫൈനലിലെത്തിയത്. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ ഡബിള്‍സിലെ ആദ്യ മെഡലും സഖ്യം സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ജിയ യി ഫാനും ഷാങ് ഷു സിയാനും ഉള്‍പ്പെട്ട ശക്തരായ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ അട്ടിമറിച്ചത്. ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യയുടെ വിജയം. സെമിഫൈനല്‍ ഉറപ്പിച്ച ശേഷം ട്രീസയും ഗായത്രിയും വികാരഭരിതരായി കണ്ണീരോടെ വിജയം ആഘോഷിക്കുകയും ചെയ്തു.
സെമിയില്‍ ലോക ഒന്നാം റാങ്കുകാരായ ലിയു ഷെങ്ഷുവും ടാന്‍ നിങും അടങ്ങിയ ചൈനീസ് സഖ്യത്തിനെതിരെയും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ ഗെയിം 21-18ന് സ്വന്തമാക്കി ട്രീസ-ഗായത്രി സഖ്യം അട്ടിമറിക്ക് തുടക്കമിട്ടെങ്കിലും പിന്നീട് ലോക ഒന്നാം റാങ്കുകാര്‍ തിരിച്ചടിച്ചു. രണ്ടാം ഗെയിം 21-13നും നിര്‍ണായക മൂന്നാം ഗെയിം 21-8നും സ്വന്തമാക്കി ചൈനീസ് സഖ്യം ഫൈനലിലേക്ക് മുന്നേറി. സെമിയില്‍ തോറ്റെങ്കിലും ലോക ചാമ്പ്യഷിപ്പിലെ വെങ്കലം ഉറപ്പിച്ചതോടെ ട്രീസ-ഗായത്രി സഖ്യം ചരിത്രമെഴുതി.
ടൂര്‍ണമെന്റിലുടനീളം ട്രീസയുടെ ശക്തമായ സ്മാഷുകളും ഗായത്രിയുടെ മികച്ച പ്രതിരോധവും ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. 39-ാം റാങ്കില്‍ നിന്ന് 27-ാം സ്ഥാനത്തേക്കുള്ള കുതിപ്പ് ഇരുവരുടെയും വളര്‍ച്ചയുടെ വ്യക്തമായ തെളിവാണ്. ലോക ചാമ്പ്യന്‍ഷിപ്പ് മെഡലിനൊപ്പം റാങ്കിങ്ങിലെ ഈ നേട്ടവും സ്വന്തമാക്കിയതോടെ ലോകത്തിലെ മുന്‍നിര വനിതാ ഡബിള്‍സ് സഖ്യങ്ങളിലൊന്നായി മാറാനുള്ള ട്രീസ-ഗായത്രി കൂട്ടുകെട്ടിന്റെ യാത്രയ്‌ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചിരിക്കുകയാണ്.















