ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് ഫ്രാന്‍സ് ഇന്ത്യയ്‌ക്ക് കൈമാറി. അഞ്ച് വിമാനങ്ങളാണ് ഈ ബാച്ചിലും ഉള്ളത്. നിലവില്‍ ഫ്രാന്‍സില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന റഫേല്‍ വിമാനങ്ങള്‍ ഒക്ടോബറോടെയാകും ഇന്ത്യയിലെത്തിക്കുന്നത്. പശ്ചിമബംഗാളിലെ കലികുണ്ട എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലായിരിക്കും ഈ ബാച്ചിനെ വിന്യസിക്കുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ മേഖലകളില്‍ ഇവ ശക്തമായ പ്രതിരോധം തീര്‍ക്കും. സെപ്തംബര്‍ 10ന് നടന്ന ഔദ്യോഗിക ചടങ്ങിലാണ് റഫേലിന്റെ ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്.
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനിന്‍ ആണ് റഫേല്‍ യുദ്ധവിമാനങ്ങളുടെ രണ്ടാം ബാച്ച് ഇന്ത്യയ്‌ക്ക് കൈമാറിയതായി അറിയിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ പൈലറ്റുമാര്‍ ഏറ്റവും മികച്ചവരാണെന്നും ഇമ്മാനുവല്‍ ലെനിന്‍ പ്രശംസിച്ചു. അതേസമയം ഫ്രാന്‍സ് കൈമാറിയ യുദ്ധവിമാനങ്ങളില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. കഠിനമായ ശൈത്യത്തില്‍ പോലും ഇവയ്‌ക്ക് ഇപ്പോള്‍ സഞ്ചരിക്കാന്‍ സാധിക്കും. ആദ്യ ബാച്ചിലെ അഞ്ച് യുദ്ധവിമാനങ്ങളും 250 മണിക്കൂറിലധികം ഫ്‌ളൈയിംഗ്, ഫീല്‍ഡ് ഫയറിംഗ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി. നിലവില്‍ അംബാലയിലെ 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രണിലാണ് ഈ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം അവസാനത്തോടെയാകും എല്ലാ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകുന്നത്. 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറിലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പ് വച്ചത്. ഇതില്‍ ആറെണ്ണം പരിശീലന വിമാനങ്ങളായിരിക്കും. റഫേലിന് സമാനമായ എല്ലാ സവിശേഷതകളും ഇതിനും ഉണ്ടായിരിക്കും.















