ചെന്നൈ ; കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതി ഇമാം അലിയെ മഹത്വവത്കരിക്കുന്ന ചരമ വാർഷിക ചിത്രങ്ങൾ തമിഴ് മാദ്ധ്യമങ്ങൾ പരസ്യമായി നൽകി . ദിനപത്രങ്ങളിലും , സോഷ്യൽ മീഡിയകളിലും മാത്രമല്ല ഇമാം അലിയുടെ ചിത്രങ്ങൾ തമിഴ്നാട്ടിൽ ബാനറുകളും , പോസ്റ്ററുകളുമായി പ്രചരിക്കുകയാണ് .
നിരോധിത അൽ-ഉമ്മ എന്ന തീവ്രവാദ സംഘടനയുടെ നേതാവായിരുന്നു ഇമാം അലി. 1993 ൽ ചെറ്റ്പേട്ട് ആർഎസ്‌എസ് ഓഫീസിൽ നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരനുമാണിയാൾ . 13 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് .
1998 ഫെബ്രുവരി 14 ന് ബിജെപിയുടെ മുതിർന്ന നേതാവും അന്നത്തെ ഉപ പ്രധാനമന്ത്രിയുമായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യോഗത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ എത്തിയ സമയത്തായിരുന്നു സ്ഫോടനങ്ങൾ . കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിലായി 12 ഓളം ബോംബ് സ്ഫോടനങ്ങൾ നടന്നു. ഉഗ്ര ശേഷിയുള്ള സ്ഫോടന വസ്തുക്കളാണ് ഇതിന് ഉപയോഗിച്ചത്. ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 250 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്വേഷണത്തിൽ നിരോധിത മുസ്ലീം തീവ്രവാദ സംഘടനയായ അൽ-ഉമ്മ തലവൻ എസ് എ ബാഷയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി . ചാവേർ ആക്രമണത്തിൽ എൽ കെ അദ്വാനിയെ വധിക്കാനായിരുന്നു നീക്കം . ഈ സ്‌ഫോടനത്തിൽ ഇമാം അലിയും ഉൾപ്പെട്ടിരുന്നു. മധുര മീനാക്ഷി ക്ഷേത്രം അടക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുമെന്നും ഇമാം അലി ഭീഷണിപ്പെടുത്തിയിരുന്നു.
പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് , ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവരാണ് ഇമാം അലിയെ പരിശീലിപ്പിച്ചിരുന്നത് . എസ്ടിഎഫിന്റെ എസ്പിയുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസും ബാംഗ്ലൂർ സിറ്റി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ എസ് പി അശോക് കുമാർ 2002 സെപ്റ്റംബർ 29 ന് ഇമാം അലിയെ വെടിവച്ചു കൊന്നു.
മുൻപും ഇത്തരത്തിൽ ഇമാം അലിയെ മഹത്വവത്ക്കരിക്കുന്ന ബാനറുകൾ പ്രത്യേക്ഷപ്പെട്ടിരുന്നു . രക്ത സാക്ഷി എന്ന് അർത്ഥം വരുന്ന ഷഹീദ് എന്ന വിശേഷണത്തോടെയാണ് ഇത്തരം പോസ്റ്ററുകൾ നൽകിയിരിക്കുന്നത് . ഇന്ത്യൻ ദേശീയ ലീഗ് എന്ന സംഘടനയായിരുന്നു ഇതിനു പിന്നിൽ .
ഈ വർഷം സമാനമായ പരസ്യങ്ങൾ ഡിഎംകെ നിയന്ത്രണത്തിലുള്ള തമിഴ് ദിനപത്രമായ ദിനകരനിൽ പുറത്തിറങ്ങി. ഇമാം അലിയെ മഹത്വപ്പെടുത്തുന്ന ധാരാളം പോസ്റ്ററുകൾ തിരുനെൽവേലിയിലും മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പതിച്ചിട്ടുണ്ട് . ഇതിനെതിരെയാണ് ബിജെപി, വിഎച്ച്പി, ഹിന്ദു മുന്നണി എന്നിവർ രംഗത്ത് വന്നത് .
വിഎച്ച്പിയുടെ തിരുനെൽവേലി ജില്ലാ സെക്രട്ടറി ഇ അരുമുഗ കാനി ഇത് സംബന്ധിച്ച് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരരെ മഹത്വവത്കരിക്കുന്നതിനെതിരെ ജില്ലാ കളക്ടർക്കും തമിഴ്‌നാട് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
Comments