ബാഴ്‌സലോണ: ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച പോരാട്ടത്തിനാണ് 2020-21 സീസണിലെ ചാമ്പ്യന്‍സ് ലീഗ് വേദിയാകുന്നത്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം തന്നെയാണ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ സവിശേഷത.
ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ യുവന്റസും ബാഴ്‌സലോണയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് സൂപ്പര്‍ പോരാട്ടത്തിന് വഴിതെളിഞ്ഞത്. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ഇരുവരും തമ്മില്‍ മുഖാമുഖം വരുന്ന പോരാട്ടം കൂടിയാകും ഇത്. ഗ്രൂപ്പ് ജിയിലാണ് യുവന്റസും ബാഴ്‌സലോണയും തമ്മില്‍ ഏറ്റുമുട്ടുക. അവസാനം പ്രഖ്യാപിച്ച 12 ബാലന്‍ഡിയോറുകളില്‍ 11 എണ്ണവും സ്വന്തമാക്കിയ താരങ്ങളാണ് മെസിയും(6) റൊണാള്‍ഡോയും(5).
ഗ്രൂപ്പ് എയില്‍ ബയേണും അത്‌ലറ്റിക്കോയുമാണ് കരുത്തര്‍. ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡും ഇന്റര്‍ മിലാനുമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും പോര്‍ട്ടോയും ഗ്രൂപ്പ് സിയിലും ലിവര്‍പൂളും അയാക്‌സും ഗ്രൂപ്പ് ഡിയിലുമാണ്. ചെല്‍സിയും സെവിയ്യയുമാണ് ഗ്രൂപ്പ് ഇയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ലാസിയോയും ഡോര്‍ട്ട്മുണ്ടും ഗ്രൂപ്പ് എഫില്‍ എത്തിയപ്പോള്‍ യുവന്റസ്-ബാഴ്‌സലോണ ടീമുകളാണ് ഗ്രൂപ്പ് ജിയിലുള്ളത്. പിഎസ്ജിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പിന്നെ പ്രീമിയർ ലീഗിന്റെ തുടക്കത്തിലെ ഞെട്ടിച്ച പ്രകടനവുമായെത്തിയ ലെയ്പ്‌സിഗും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചിലും പോരാട്ടം കനക്കും.















