ഒക്ടോബർ രണ്ട് രാജ്യമെമ്പാടും രാഷ്‌ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടുമ്പോൾ , അദ്ദേഹത്തിന്റെ ജീവിതമോ ആശയങ്ങളോ പ്രമേയമാക്കി ചിത്രീകരിച്ച ചില സിനിമകളെ പറ്റി ഓർക്കേണ്ടത് ഈ അവസരത്തിൽ ഉചിതമായ കാര്യമാണ് . ഹോളിവുഡിലും ബോളിവുഡിലും അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കി ഇറങ്ങിയ പല സിനിമകളും ഒട്ടധികം പ്രശംസകൾ ഏറ്റു വാങ്ങിയവയാണ് .
1 . ഗാന്ധി

റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് ബെൻ കിംഗ്സ്ലി ഗാന്ധിജി ആയി വേഷമിട്ട , 1982 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് “ഗാന്ധി “. 1893 മുതൽ 1948 വരെയുള്ള മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങൾ മനോഹരമായി ചിത്രീകരിച്ച ഈ സിനിമ നിരവധി ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടിയ ചിത്രം കൂടിയാണ് .ഭാരതവും യുണൈറ്റഡ് കിങ്‌ടവും ചേർന്ന് നിർമ്മിച്ച ഈ ചലച്ചിത്രം ഗാന്ധി എന്ന സ്വാതന്ത്ര്യ സമരസേനാനിയുടെ ജീവചരിത്രം മനോഹരമായി വർണ്ണിച്ച സിനിമയായി ഇന്നും നിലനിൽക്കുന്നു .
2 . ലഗേ റാഹോ മുന്ന ഭായ്

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത സഞ്ജയ് ദത്ത് മുഖ്യ വേഷത്തിൽ എത്തിയ 2006 ൽ ഇറങ്ങിയ ചിത്രമാണ് ലഗേ രഹോ മുന്ന ഭായ് . ഗാന്ധിജിയുടെ തത്വചിന്തകൾ പുനരാവിഷ്കരിച്ച ചിത്രം എന്ന നിലയിൽ പ്രേക്ഷക പ്രശംസ നേടിയതും , തീയേറ്ററുകളിൽ നിറഞ്ഞോടിയ ചിത്രം കൂടി ആയിരുന്നു ലഗേ രഹോ മുന്ന ഭായ് .
3 . ഗാന്ധി : മൈ ഫാദർ
ചന്ദുലാൽ ഭഗുഭായ് ദലാൽ , ഗാന്ധിജിയുടെ മകൻ ഹരിലാലിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി രചിച്ച സിനിമയാണ് ഗാന്ധി : മൈ ഫാദർ . ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ അച്ഛനും മകനും തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ള കഥയാണ് പറഞ്ഞത് .ദർശൻ ജരിവാല ഗാന്ധിജി ആയി വേഷമിട്ടപ്പോൾ , മകൻ ഹരിലാൽ ആയി വെള്ളിത്തിരയിൽ എത്തിയത് അക്ഷയ് ഖന്നയാണ് .
4 . സർദാർ
സർദാർ വല്ലഭായ് പട്ടേലിന്റെ ജീവചരിത്രം പറഞ്ഞ ചിത്രത്തിൽ ഗാന്ധിജിയുടെ വേഷം അഭിനയിച്ചത് അന്നു കപൂർ ആണ് . കേതൻ മേത്തയുടെ സംവിധാനത്തിൽ 1993 ൽ പുറത്തിറങ്ങിയ ചിത്രം പട്ടേലും ഗാന്ധിയും തമ്മിലുള്ള ദൃഢത നിറഞ്ഞ ബന്ധത്തെ വരച്ചു കാണിക്കുന്നു . പരേഷ് റാവൽ ആണ് ചിത്രത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ വേഷം അഭിനയിച്ചത് .
5 . മേ ഗാന്ധി കോ നഹി മാര
അനുപം ഖേറും , ഊർമ്മിള മണ്ഡോത്കറും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പുറത്തിറങ്ങിയത് 2005 ലാണ് . ജാൻഹു ബറുവ സംവിധാനം ചെയ്ത ചിത്രത്തിൽ , ഗാന്ധിയെ കളിപ്പാട്ട തോക്കുപയോഗിച്ച് കൊന്നുവെന്ന് വിശ്വസിക്കുന്ന ഡിമെൻഷ്യ രോഗിയായ, വിരമിച്ച ഒരു ഹിന്ദി പ്രൊഫസറുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത് .ബോക്സ് ഓഫീസിൽ ചിത്രം വിജയിച്ചില്ലെങ്കിലും അനുപം ഖേറിന് ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ആയിരുന്നു ഇത് .















