ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗവും, പാതാള ഗംഗയും; ആന്ധ്രപ്രദേശിലൂടെ ഭൂമിക്കടിയിലേക്ക്

Published by
Janam Web Desk

ഭൂമിക്കടിയിലേക്ക് ഒരു യാത്ര പോകാം. സാഹസികതയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ യാത്രയെയും ഇഷ്ടപ്പെടുമെന്ന് തീർച്ച.ഗുഹ എന്നർത്ഥം വരുന്ന ബിലം എന്ന സംസ്കൃത പദത്തിൽ നിന്നാണ് ബേലം എന്ന വാക്ക് ഉണ്ടായത്.                                                                                                                                                                                                                                                                                                                                                       

ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഭൂമിക്കടിയിലേക്ക് നമ്മെ കൊണ്ടുപോകുന്ന ബേലം ഗുഹയെ കാണാൻ സാധിക്കുക. ഏകദേശം 2 കിലോമീറ്റർ ദൂരം കാൽനടയായി യാത്രചെയ്താൽ ഭൂനിരപ്പിൽ നിന്നും 150 അടി താഴ്ചയിലേക്ക് നിങ്ങൾക്ക് എത്താൻ സാധിക്കും. ജൈന-ബുദ്ധ സന്യാസിമാർ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഗുഹകളിൽ നിന്നും കണ്ടെടുത്ത മൺപാത്രങ്ങളും മറ്റും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ബേലം ഗുഹകൾക്കുള്ള പ്രാധാന്യം തെളിയിക്കുന്നതാണ്.

1884ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ജിയോളജിസ്റ്റുമായ റോബർട്ട് ബ്രൂസ് ഫൂട്ട് ആണ് ഈ ഗുഹകളുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നത്. അതിന് ശേഷം ബിസി 4500 കാലഘട്ടത്തിലെ ധാരാളം മൺപാത്രങ്ങൾ, ജൈന-ബുദ്ധ സന്യാസിമാർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി. ഏകദേശം ഒരു നൂറ്റാണ്ടോളം ഈ ഗുഹയെ പലരും മറന്നു. പിന്നീട് 1982-1983 കാലഘട്ടത്തിൽ ഹെർബെർട്ട് ഡാനിയൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തുകയുണ്ടായി. ചുണ്ണാമ്പും ഉപ്പുവെള്ളം കൊണ്ടും നിർമ്മിച്ച ഈ ഗുഹകൾ 2002ലാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. മേഘാലയിലെ ക്രെം ലിയാറ്റ് പ്രഹയ്‌ക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു കൊടുത്ത വലിയ ഗുഹയാണ് ഇത്.

ചുണ്ണാമ്പുകല്ലിൽ നിന്നും തനിയെ രൂപപ്പെട്ട പൂച്ച വാതിൽ എന്ന ഇവിടത്തെ പ്രവേശനകവാടത്തിന് സിംഹത്തിന്റെ തലയുടെ രൂപമാണ് ഉള്ളത്.

3.5 കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും 1.5 കിലോമീറ്റർ വരെ മാത്രമേ സന്ദർശകർക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ.

വർഷങ്ങളോളം ഇവിടത്തെ ജനങ്ങൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന ചവറ്റുകുട്ടയായിരുന്നു ഈ ഗുഹ. പിന്നീട് ആന്ധ്രപ്രദേശ് സർക്കാർ മുൻകയ്യെടുത്ത് ഗുഹ വൃത്തിയാക്കുകയും ഇപ്പോൾ സംരക്ഷിച്ച് പോരുകയും ചെയ്യുന്നു.

ഈ ഗുഹയിൽ നിന്നും കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ അനന്തപ്പൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗം മുതൽ നിരവധി ശില്പങ്ങളെ നിങ്ങൾക്ക് കാണാൻ സാധിക്കും.

വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന പാതാളഗംഗയും നിങ്ങൾക്ക് ഈ ഗുഹയ്‌ക്കുള്ളിൽ കാണാൻ സാധിക്കും. ഇത് വഴി അപ്രത്യക്ഷമാകുന്ന പാതാളഗംഗ ബേലം ഗ്രാമത്തിലെ കിണറിൽ ഒഴുകിയെത്തുന്നു എന്നാണ് പറയുന്നത്.

പ്രവേശന കവാടത്തിന് സമീപം കാണപ്പെടുന്ന ധ്യാൻ മന്ദിർ അഥവാ മെഡിറ്റേഷൻ ഹാൾ ആണ് മറ്റൊരു പ്രത്യേകത. പണ്ടുകാലങ്ങളിൽ ബുദ്ധ സന്യാസിമാർ ഇവിടെയിരുന്ന് ധ്യാനിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഗുഹക്കുള്ളിൽ സംഗീതത്തിന്റെ മാറ്റൊലി സൃഷ്ടിക്കുന്ന സപ്തസ്വരല ആണ് മറ്റൊരു പ്രത്യേകത. ഗുഹയുടെ ഈ ഭാഗം 2006ലാണ് ജനങ്ങൾക്ക്   തുറന്നുകൊടുത്തത്.

കുർണൂലിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ബേലം ഗ്രാമം.

ഗുഹയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ വായുവിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ തന്നെ സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലായും ഇവിടെ എത്തുന്നത്.

ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ബേലം ഗുഹ സന്ദർശിക്കാനുള്ള അനുയോജ്യമായത്.

Share
Leave a Comment