കുറച്ചുമാസങ്ങളായി ഒരു സാധാരണ ജീവിതം നയിക്കാൻ നമുക്ക് ആകുന്നില്ല. ലോകം മുഴുവൻ കൊറോണ രോഗവ്യാപന സാധ്യതയിൽ വലയുമ്പോൾ പലരും ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ അതേ സമയം ഭയപ്പെടുത്തുന്ന സിനിമകളുടെ ആരാധകർ ഈ രോഗവ്യാപന അവസ്ഥയെ കൂടുതൽ കാര്യക്ഷമമായി നേരിടുകയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ഡെന്മാർക്കിൽ നടത്തിയ ദി ഇൻഡിപെൻഡന്റ് എന്ന പഠന റിപ്പോർട്ടിലാണ് ഇത് വിശദീകരിക്കുന്നത്.
“വിനോദം അല്ലെങ്കിൽ ആസ്വാദനം എന്നീ ഉദ്ദേശ്യത്തോടെയാണ് പലരും ഭയമുളവാക്കുന്ന സിനിമകൾ കാണുന്നത്. കെട്ടുകഥകൾ എപ്പോഴും മനുഷ്യന്റെ ഭാവനാ ശക്തിയെ വളർത്തുമെന്നാണ് പറയുന്നത്. കൂടാതെ അപകട സാഹചര്യങ്ങളിൽ നിന്ന് എങ്ങനെയാണ് രക്ഷപ്പെടേണ്ടതെന്നും മറ്റും കെട്ടുകഥകൾ പഠിപ്പിക്കുന്നു”, റിപ്പോർട്ടിൽ പറയുന്നു.
310 വ്യക്തികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഭയമുളവാക്കുന്ന സിനിമകൾ കാണുന്നവരിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ മാനസിക ക്ലേശങ്ങൾ കുറവുള്ളതായി പഠന സംഘം കണ്ടെത്തി. ഭയപ്പെടുത്തുന്ന കെട്ടുകഥകളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ കാണുന്നതിലൂടെ നെഗറ്റീവ് വികാരങ്ങളുമായി പൊരുത്തപ്പെടാൻ വ്യക്തികൾക്ക് സാധിക്കും എന്നതിനാലാണിത്.
ഹൊറർ സിനിമകൾ കാണുന്നത് ഭയത്തെ കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങൾ വികസിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അതേ സമയം തന്നെ ഇത്തരം സിനിമകൾ അധികമായി കാണാത്തവർ നെഗറ്റീവ് വികാരങ്ങളോട് പൊരുത്തപ്പെടാനുള്ള തങ്ങളുടെ കഴിവ് വളർത്തുന്നതിനായി പെട്ടെന്നൊരു ദിവസം കൂടുതൽ ഭയം ഉണ്ടാക്കുന്ന സിനിമകൾ കാണാൻ പാടില്ലായെന്നും പഠന സംഘം പറയുന്നു. എന്തെന്നാൽ ഇത് കാര്യങ്ങൾ കൂടുതൽ വഷളാകാൻ കാരണമാകും.
റിപ്പോർട്ടിൽ പറയുന്ന മറ്റൊരു നിഗമനം ഇങ്ങനെയാണ്, പൊതുവെ എല്ലാവർക്കും ഭയമുണ്ടാക്കുന്ന സിനിമകൾ കാണുന്നതിന് പകരം നിങ്ങളെ ഭയപ്പെടുത്തുന്ന സിനിമകൾ കാണാൻ ശ്രമിക്കുക. ഇത്തരം സിനിമകളാണ് നെഗറ്റീവ് വികാരങ്ങളോട് പൊരുത്തപ്പെടാൻ നിങ്ങളെ കൂടുതൽ സഹായിക്കുന്നത്.















