അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 8 വിക്കറ്റ് വിജയം. നായകന്‍ വിരാട് കോഹ്‌ലിയുടെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ബാംഗ്ലൂരിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 5 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ബാംഗ്ലൂര്‍ വിജയലക്ഷ്യം മറികടന്നത്.
155 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് വേണ്ടി ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ദേവ്ദത്ത് പടിക്കലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച പ്രകടനവുമായി ദേവ്ദത്ത് പടിക്കല്‍ വീണ്ടും കളം നിറഞ്ഞപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി നായകന്‍ വിരാട് കോഹ്‌ലിയും മികച്ചു നിന്നു. ദേവ്ദത്ത് 45 പന്തില്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 63 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി 53 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്.
രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചറും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീഴ്‌ത്തി. ജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.















