ദുബായ്: ഐപിഎല്ലില്‍ ഇന്ന് കരുത്തന്‍മാരുടെ പോരാട്ടം. വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നട്ടംതിരിയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.
ഇതുവരെയുള്ള പ്രകടനങ്ങളില്‍ തീര്‍ത്തും നിറംമങ്ങിയ അവസ്ഥയിലാണ് ചെന്നൈ ടീം. നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഇന്ന് വിജയിച്ചെ തീരൂ. കഴിഞ്ഞ മത്സരത്തില്‍ പതിവു പോലെ അവസാനം വരെ പൊരുതിയെങ്കിലും ഓട്ടത്തിനിടെ കിതക്കുന്ന ധോണിയുടെ ചിത്രമാണ് ആരാധകരുടെ മനസിലുള്ളത്. തന്റെ കായിക ക്ഷമതയ്‌ക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കാന്‍ ധോണിക്കും കളി കൈമോശം വന്നിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ചെന്നൈയ്‌ക്കും ഇന്ന് വിജയം അനിവാര്യമാണ്.
മറുഭാഗത്ത് മികച്ച ടീമായിരുന്നിട്ടും തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് പഞ്ചാബ് എത്തുന്നത്. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിംഗാണ് ടീമിന്റെ പ്രധാന ശക്തി. എന്നാല്‍ ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ടീം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണുള്ളത്. നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. മാക്സ്‌വെല്‍ ഇത്തവണ നാല് മത്സരത്തില്‍ നിന്ന് നേടിയത് വെറും 30 റണ്‍സാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ലിനെ ഇതുവരെ കളിപ്പിക്കാത്തതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.















