കൊറോണ വൈറസ് അത് എത്തുന്ന പ്രതലത്തില്‍ 28 ദിവസം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് പുതിയ പഠനം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഫോണ്‍ സ്‌ക്രീന്‍, ഗ്ലാസ്, പ്ലാസ്റ്റിക്, നോട്ടുകള്‍, പേപ്പര്‍ തുടങ്ങിയ പ്രതലങ്ങളില്‍ ഇവ 28 ദിവസം വരെ അതിജീവിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രതലങ്ങളില്‍ കൊറോണ വൈറസ് മൂന്ന് മുതല്‍ ഏഴ് ദിവസം വരെ നിലനില്‍ക്കുമെന്നായിരുന്നു മുന്‍ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ഓസ്‌ട്രേലിയന്‍ ഏജന്‍സിയായ സിഎസ്‌ഐആര്‍ഒയുടെ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്.
ഗവേഷകര്‍ നടത്തിയ പഠന പ്രകാരം 20 ഡിഗ്രി സെല്‍ഷ്യസില്‍ ഈ വൈറസിനെ പേപ്പര്‍, നോട്ട്, സ്റ്റീല്‍, ഗ്ലാസ് തുടങ്ങിയവയുടെ പ്രതലത്തില്‍ 28 ദിവസത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. ഇത്ര ദിവസം അവയ്‌ക്ക് അതിജീവന ശേഷി ഉണ്ടാകില്ലെന്ന പഠനം തെറ്റാണെന്ന് സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇന്‍ഫ്‌ളുവന്‍സ എ വൈറസ് 17 ദിവസം വരെ ഉപരിതലത്തില്‍ നിലനില്‍ക്കും. പരുത്തി പോലുള്ള വസ്തുക്കളെക്കാളും മിനുസമാര്‍ന്ന പ്രതലങ്ങളുള്ള വസ്തുക്കളിലാണ് വൈറസ് കൂടുതല്‍ അതിജീവിച്ചത്. പ്ലാസ്റ്റിക് നോട്ടുകളെക്കാളും പേപ്പര്‍ നോട്ടുകളില്‍ ഇവ കൂടുതല്‍ കാലം നിലനില്‍ക്കും.
ഊഷ്മാവ് പ്രത്യേകമായി ക്രമീകരിച്ചാണ് പരീക്ഷണം നടത്തിയത്. കൊറോണ രോഗിയില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് അതേ സാന്ദ്രതയിലുള്ള ഒരു പ്രതലത്തിലെത്തിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം വീണ്ടും വൈറസിനെ അതേ ശക്തിയോടെ തന്നെയാണ് കണ്ടെത്താനായത്. പകര്‍ച്ചവ്യാധി തടയുന്നതിന് വൈറസ് എത്തിയെന്ന് കരുതുന്ന ഉപരിതലം തുടച്ചുമാറ്റുകയും, കൈകള്‍ പതിവായി കഴുകുകയും വൃത്തിയാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും ഇവര്‍ പറയുന്നു. അതേസമയം താപനില കൂടുന്നതിനനുസരിച്ച് വൈറസിന് അതിജീവിക്കാനുള്ള കരുത്ത് കുറയുകയാണെന്നും പഠനം പറയുന്നു. വേനല്‍ക്കാലം ഇവയ്‌ക്ക് നിലനില്‍ക്കാനാകാത്ത അവസ്ഥയാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.















