ന്യൂഡൽഹി : ഹിന്ദു മതം ഭീകരവാദമെന്ന് പ്രസ്താവിച്ച ബ്രിട്ടീഷ് ജി.സി.എസ്.ഇ (ജനറൽ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) വർക്ക്ബുക്കിനെതിരെ ആർത്തിരമ്പി ഇന്ത്യൻ ഹൈന്ദവ സംഘടനകളുടെ രോഷം .
വെസ്റ്റ് മിഡ്ലാന്റിലെ സോളിഹളിലെ ലാംഗ്ലി സ്കൂൾ എന്ന സെക്കൻഡറി സ്കൂളിന്റെ അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു വിവാദപരമായ വർക്ക്ബുക്ക്. ‘ജി.സി.എസ്.ഇ മതപഠനം: മതം, സമാധാനം, സംഘർഷം.’ എന്നിവയുമായി ബന്ധപ്പെട്ട ഭാഗത്തിലാണ് ഹിന്ദു മതം ഭീകരവാദത്തിനു തുല്യമാണെന്ന് പ്രസ്താവിച്ചിരിക്കുന്നത്.
‘ ധർമ്മത്തെ സംരക്ഷിക്കുന്നതിനായി ഒരു യുദ്ധത്തെ ധാർമ്മികമായി ന്യായീകരിക്കാൻ കഴിയേണ്ടത് അത്യാവശ്യമാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു . ഹിന്ദു ഇതിഹാസമായ മഹാഭാരതത്തെ വ്യാഖ്യാനിക്കുമ്പോൾ, അർജ്ജുനൻ, ഒരു ക്ഷത്രിയനെന്ന നിലയിൽ, നീതിപൂർവമായ തന്റെ കടമയെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നു, വാസ്തവത്തിൽ ഒരു നീതിപൂർവകമായ യുദ്ധത്തേക്കാൾ മികച്ചത് മറ്റൊന്നില്ല. ഇങ്ങനെയായാൽ എല്ലാത്തിനും ആയുധമെടുക്കേണ്ടി വരും‘ വർക്ക് ബുക്കിൽ പറയുന്നു.
‘ചില ഹിന്ദുക്കൾ ഹിന്ദു വിശ്വാസങ്ങളെ സംരക്ഷിക്കുന്നതിനായി തീവ്രവാദത്തിലേക്ക് തിരിയുന്നു. സർക്കാരുകൾ ഉചിതമായ ധാർമ്മിക സമീപനത്തോടെ പ്രവർത്തിക്കണം.‘ ഇത്തരത്തിലാണ് ഹിന്ദു മതത്തെ കുറിച്ചുള്ള പ്രസ്താവന
ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാർ രംഗത്ത് വന്നു . ഹൈന്ദവ സംഘടനകൾ പ്രതിഷേധം അറിയിച്ചു.“ഇത് ഹിന്ദുക്കളെയും ഇന്ത്യയെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ്. ഇത് എഴുതിയവർ മനപൂർവ്വം ചെയ്തതാണെന്ന് ഉറപ്പുണ്ടെന്നാണ് ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്റെ (എച്ച്എഫ്ബി) പ്രസിഡന്റ് തൃപ്തി പട്ടേൽ പറഞ്ഞത്.
ധർമ്മത്തിന്റെ അർത്ഥം തെറ്റായി വ്യാഖ്യാനിച്ചതിനും മഹാഭാരതത്തിലെ അർജ്ജുനന്റെ പ്രവർത്തനങ്ങളെ ഭീകരതയുമായി തെറ്റായി ബന്ധിപ്പിച്ചതിനും എതിരെ ഹിന്ദു വിശ്വാസികൾ ഒന്നടങ്കം രംഗത്തെത്തി.
ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇങ്ങനെ ചിത്രീകരിച്ചതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് സംശയിക്കുന്നുവെന്നും ബ്രിട്ടനിലെ ഹിന്ദു വിശ്വാസികൾ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് വിവാദപരമായ പാഠങ്ങൾ നീക്കംചെയ്തു.
വിശുദ്ധ ഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിനും തീവ്രവാദവുമായി ബന്ധിപ്പിച്ചതിനും ഹിന്ദു സമൂഹത്തോട് ലാംഗ്ലി സ്കൂൾ മാപ്പ് പറയുകയും ചെയ്തു.
Comments