ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ സർവീസ് സഹകരണ ബാങ്കിൽനിന്നും 5.43 കിലോഗ്രാം സ്വർണവും 4.43 ലക്ഷം രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ.ഹരിപ്പാട് മാധവ ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന മാവേലിക്കര കണ്ണമംഗലം കൈപള്ളിൽ ഷൈബു (39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ വാവോട് തമ്പിക്കോണം മേലേപ്ലാവിട ഷിബു (45) എന്നിവരെയാണ് ഓപ്പറേഷൻ ഹോളിഡേ ഹണ്ടേഴ്സ് എന്നുപേരിട്ട അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്.
മോഷണത്തിന്റെ മുഖ്യ ആസൂത്രകൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ശിക്ഷകഴിഞ്ഞിറങ്ങിയ തിരുവനന്തപുരം സ്വദേശി ഒളിവിലാണ്.ഒന്നരക്കിലോയോളം സ്വർണം വീണ്ടെടുക്കാൻകഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
ഓഗസ്റ്റ് 28-മുതൽ സെപ്റ്റംബർ രണ്ടുവരെ ബാങ്ക് അവധിയായിരുന്നു. ഇതിൽ 29-മുതൽ 31-വരെയുള്ള ദിവസങ്ങളിൽ രാത്രിയിലാണ് ലോക്കർ തകർത്ത് ബാങ്കിൽ കവര്‍ച്ച നടത്തിയത്.വെൽഡിങ് വിദഗ്ധനായ മുഖ്യപ്രതി ഒറ്റയ്ക്കാണ് ലോക്കർപൊളിച്ചതെന്നും സമാനരീതിയിൽ നടന്ന ബാങ്ക് കവർച്ചക്കേസുകളിലെ എഴുനൂറോളം പ്രതികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിനു തുമ്പായതെന്നും പോലീസ് പറഞ്ഞു.
രണ്ടാംപ്രതി ഷൈബു തനിക്ക് മോഷണവിഹിതമായി കിട്ടിയ 154 പവൻ സ്വർണാഭരണങ്ങൾ തിരുവനന്തപുരത്തെ സ്വർണാഭരണകടയിൽ വിറ്റതായും വിവരം ലഭിച്ചതായും ജില്ലാ പോലീസ് മേധാവി പി.എസ്. സാബു അറിയിച്ചു.
Comments