ലക്നൗ : സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനുമായി മിഷൻ ശക്തി എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഒക്ടോബർ 17 ന് ദുർഗാപൂജയോടെ മിഷൻ ശക്തിയ്ക്ക് തുടക്കമാകും .
അടുത്ത വർഷം ഏപ്രിലിലെ ചൈത്ര നവരാത്രിയിൽ സമാപിക്കുന്ന പദ്ധതിയ്ക്ക് ആറുമാസമാണ് കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ, വ്യാവസായിക യൂണിറ്റുകൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ദുർഗ പൂജ പന്തലുകൾ, റാലികൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.
23 സർക്കാർ വകുപ്പുകളുടെ പങ്കാളിത്തം ഈ സംരംഭത്തിൽ ഉറപ്പ് വരുത്തും . നിരവധി സർക്കാരിതര ഏജൻസികളും പരിപാടികളിൽ പങ്കെടുക്കും. സ്വകാര്യ ക്യാബ് ഡ്രൈവർമാരെ സംരംഭത്തിൽ പങ്കാളികളാക്കും. ഇവന്റുകളിൽ ഹ്രസ്വചിത്രങ്ങൾ, തെരുവ് നാടകങ്ങൾ, സുരക്ഷാ പ്രതിജ്ഞ, സ്ത്രീകളുടെ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം , സ്ത്രീകളുടെ പ്രചോദനാത്മക കഥകളുടെ പൊതു പ്രദർശനം എന്നിവ ഉൾപ്പെടും
സ്ത്രീകളുടെയും കുട്ടികളുടെയും മനോവീര്യം വർധിപ്പിക്കാനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി അവരെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി പറഞ്ഞു.
സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട അവകാശങ്ങളും നിയമങ്ങളും പോലീസ് സ്റ്റേഷനുകളിലൂടെയും സർക്കാർ വകുപ്പുകളിലൂടെയും പ്രചരിപ്പിക്കുമെന്നും അവസ്തി പറഞ്ഞു.
Comments