തിരുവനന്തപുരം: തിരുവനന്തപുരത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. എഴുന്നള്ളത്തിന് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉടവാള് കൈമാറി. പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഇ. ദിനേശനില്‍ നിന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വീകരിച്ചശേഷം കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍ അന്‍പുമണിക്ക് കൈമാറുകയായിരുന്നു. ഉടവാള് കൈമാറിയ ശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. കൊട്ടാരമുറ്റത്ത് വിഗ്രഹങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ വരവേല്‍പ്പ് നല്കി. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു.
കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച് ചെറിയ പല്ലക്ക് വാഹനങ്ങളിലാണ് വിഗ്രഹങ്ങള്‍ എഴുന്നള്ളിക്കുന്നത്. ഇന്ന് രാത്രി വിഗ്രഹങ്ങള്‍ കുഴിത്തുറ മഹാദേവക്ഷേത്രത്തില്‍ ഇറക്കിപൂജ നടത്തും. നാളെ രാത്രി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ഇറക്കിപൂജ. തുടർന്ന് വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. ശനിയാഴ്ച നവരാത്രി മണ്ഡപത്തില്‍ നവരാത്രിപൂജ ആരംഭിക്കും. കൊറോണ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പൂജകൾ നടക്കുക.
Comments