തിരുവനന്തപുരം: മെഡിക്കൽ എൻട്രൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 720 മാർക്ക് നേടി ഒഡീഷ സ്വദേശി സോയേബ് അഫ്താബ് നീറ്റ് പരീക്ഷയിൽ ഒന്നാമതെത്തി. ഉത്തർപ്രദേശ് സ്വദേശി ആകാംഷ സിങ്ങിന് രണ്ടാം റാങ്കും ലഭിച്ചു.
കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടം എന്നാണ് അഫ്താബ് പറഞ്ഞത്. മെഡിക്കൽ പഠനം പൂർത്തിയാക്കി കാർഡിയാക് സർജനാകുക, ഒപ്പം സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുക, എന്ന സ്വപ്നവും അഫ്താബിനുണ്ട്. ദിവസം പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെയാണ് അഫ്താബ് പഠനത്തിനായി ചിലവഴിക്കുന്നതെന്നും സോയേബ് അഫ്താബിന്റെ മാതാപിതാക്കൾ പറയുന്നു.
710 മാർക്ക് നേടിയ കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ.പി അബ്ദുൾ റസാഖിന്റെയും ഷെമീമയുടെയും മകൾ എസ്. ആയിഷയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. സംസ്ഥാനം തിരിച്ചുള്ള പട്ടികയിൽ യോഗ്യതനേടിയവരുടെ എണ്ണത്തിൽ കേരളം നാലാമതും വിജയശതമാനത്തിൽ അഞ്ചാം സ്ഥാനത്തുമാണ്.
ടൈ ബ്രേക്കിംഗ് പോളിസിയിൽ ഒരോ വിഷയത്തിലും നേടിയ മാർക്ക്, തെറ്റായ ഉത്തരങ്ങളുടെ എണ്ണം, പ്രായം എന്നിവ കണക്കിലെടുത്താണ് വിദ്യാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് പരിശോധിക്കാൻ mcc.nic.in സന്ദർശിക്കാവുന്നതാണ്.
Comments