ദിസ്പൂർ: ഒരു കിലോ തേയിലയ്‌ക്ക് വില 75,000 രൂപ. കേൾക്കുമ്പോൾ അൽപം അതിശയോക്തി തോന്നാമെങ്കിലും ഇത് സത്യമാണ്. ഗുവാഹത്തിയിലാണ് തേയില റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മനോഹരി ഗോൾഡ് ടീ എന്ന തേയിലയാണ് തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും ഉയർന്ന വിലയുള്ള തേയില എന്ന റെക്കോർഡ് കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷം 50,000 രൂപയ്‌ക്കാണ് ഒരു കിലോ മനോഹരി ചായപ്പൊടി വിറ്റിരുന്നത്. 2018 ൽ ഇത് കിലോയ്‌ക്ക് 39001 രൂപയ്‌ക്കാണ് വിറ്റു പോയത്. വിഷ്ണു ടീ കമ്പനിയാണ് ഇത്തവണ മനോഹരി തേയില വാങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വമായ ചായപ്പൊടികളിലൊന്നാണ് ഇത്.
മനോഹരി എസ്റ്റേറ്റ് വികസിപ്പിച്ചെടുത്ത പ്രക്രിയയിലൂടെയാണ് ഈ തേയില നിർമ്മിക്കപ്പെടുന്നത്. ഈ വർഷം 2.5 കിലോ ഹാൻഡ്‌മെയ്ഡ് തേയില ഉത്പാദിപ്പിച്ചെന്നും അതിൽ 1. 2 കിലോ ലേലത്തിൽ വിറ്റതായും മനോഹരി ടീ എസ്‌റ്റേറ്റ് ഡയറക്ടർ പർത്ത് ലോഹിയ വ്യക്തമാക്കി. ബാക്കിയുള്ളത് തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലറ്റുകളിൽ വിൽപ്പനയ്‌ക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















