ചെന്നൈ: മുൻ കാമുകനെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ നടി അമലാപോളിന് അനുമതി നൽകി കോടതി. മദ്രാസ് ഹൈക്കോടതിയാണ് മുൻ കാമുകൻ ഭവീന്ദർ സിംഗിനെതിരെ കേസ് നൽകാൻ അമലാ പോളിന് അനുമതി നൽകിയത്.
2018 ൽ സ്വകാര്യമായി നടത്തിയ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ ഭവീന്ദർ സിംഗ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. തന്റെ അനുവാദമില്ലാതെയാണ് ഭവീന്ദർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് അമലാ പോൾ ആരോപിക്കുന്നത്.
തെറ്റിദ്ധാരണ സൃഷ്ടിക്കാനായി ബോധപൂർവ്വമായിരുന്നു ഭവീന്ദർ സിംഗിന്റെ ശ്രമമെന്നും താരം ആരോപിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ഇവയെല്ലാം ഭവീന്ദർ സിംഗ് പിൻവലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയിൽ നിരവധി പേരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തത്.















