തിരുവവന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്. ഒരാൾക്ക് ഒരു തവണമാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. ഗുരുതര രോഗമുള്ളവർക്കും വാർഷിക വരുമാനം രണ്ടുലക്ഷം വരെയുള്ളവർക്കും ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം.
ക്യാൻസർ, വൃക്ക രോഗം തുടങ്ങിയവയാണെങ്കിൽ രണ്ടുവർഷത്തിന് ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗവിവരം കൃത്യമായി കാണിക്കുന്ന അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ കൂടി സമർപ്പിക്കണം. അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർ മരണ സർട്ടിഫിക്കറ്റ്, എഫ്ഐആർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ് സഹിതം മരണം നടന്ന് ഒരു വർഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം.
പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾക്കും വീടും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടിത്തത്തിൽ നശിച്ചാലും വള്ളം, ബോട്ട്, തോണി, വല തുടങ്ങിയവക്ക് നാശമുണ്ടായാലും സഹായം ലഭിക്കും.
അപേക്ഷിക്കേണ്ട രീതി
cmo.kerala.gov.in എന്ന വെബ് സൈറ്റിലൂടെ നേരിട്ടും അക്ഷയ കേന്ദ്രം വഴിയും, എംഎൽഎ, എംപി എന്നിവരുടെ ഓഫീസ് വഴിയും മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരുടെ ഓഫീസിൽ തപാൽ/ഇമെയിൽ വഴിയും അപേക്ഷ നൽകാം. അപേക്ഷ പരിശോധിച്ച് രേഖകൾ എല്ലാം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് വില്ലേജ് ഓഫീസർ ആണ്. ആവശ്യമായ രേഖകൾ ഇല്ലെങ്കിലോ പോരായ്മകൾ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസർമാർ അപേക്ഷകരെ വിവരം അറിയിക്കണം. ആവശ്യമായ രേഖ ഇല്ലാത്തവ മാറ്റിവയ്ക്കും. ഇക്കാര്യം അപേക്ഷകന് എസ്എംഎസ് സന്ദേശമായി ലഭിക്കും. cmo.kerala.gov.in പോർട്ടലിലൂടെ കുറവുള്ള രേഖകൾ അപ്ലോഡ് ചെയ്യാം.
Comments