അബുദാബി: ഐപിഎല്ലിലെ എലിമിനേറ്റർ മത്സരത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. അബുദാബിയിൽ ഇന്ത്യന്‍ സമയം വൈകുന്നേരം 7.30നാണ് മത്സരം.
എലിമിനേറ്ററിൽ ജയിക്കുന്ന ടീമിന് ആദ്യ പ്ലേ ഓഫില്‍ മുംബൈയോട് തോല്‍വി വഴങ്ങിയ ഡല്‍ഹിയേയും മറികടന്നാല്‍ മാത്രമെ ഫൈനലിലെത്താനാകൂ. തോൽക്കുന്ന ടീം പുറത്താകുകയും ചെയ്യും. റൺറേറ്റിന്റെ പിൻബലത്തിൽ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഹൈദരാബാദ് പ്ലേ ഓഫിലേയ്‌ക്ക് യോഗ്യത നേടിയത്. നാലാം സ്ഥാനക്കാരായാണ് ബാംഗ്ലൂർ ഫിനിഷ് ചെയ്തത്.
ഓപ്പണിംഗ് സഖ്യത്തിന്റെ പ്രകടനമാണ് ഹൈദരാബാദിന് പ്ലേ ഓഫിലേയ്‌ക്ക് ടിക്കറ്റ് നൽകിയതെന്ന് വേണം പറയാൻ. നായകൻ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും മികച്ച ഫോമിലാണ്. മനീഷ് പാണ്ഡെ,കെയ്ന്‍ വില്യംസണ്‍ എന്നീ പരിചയസമ്പന്നരായ താരങ്ങളും ഹൈദരാബാദ് നിരയിലുണ്ട്. ബൗളിംഗ് നിരയിൽ സന്ദീപ് ശർമ്മയും റാഷിദ് ഖാനും നടരാജനും ഏത് ബാറ്റിംഗ് നിരയ്‌ക്കും വെല്ലുവിളിയാണ്.
അതേസമയം, മറുഭാഗത്ത് എന്ത് വില കൊടുത്തും കന്നിക്കിരീടം സ്വന്തമാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ബാംഗ്ലൂർ ക്യാമ്പ്. എന്നാൽ, വിരാട് കോഹ്ലിയും എബി ഡിവില്യേഴ്സും പുറത്തായാൽ ബാംഗ്ലൂർ നിരയിൽ കൂറ്റൻ സ്കോർ നേടാൻ സാധിക്കുന്ന താരങ്ങളില്ലെന്നതാണ് വാസ്തവം. ആരോണ്‍ ഫിഞ്ചിന് പകരം ജോഷ്വാ ഫിലിപ്പി വന്നിട്ടും അവസ്ഥയ്‌ക്ക് മാറ്റമില്ല. ദേവ്ദത്ത് പടിക്കൽ സ്കോർ കണ്ടെത്തുന്നുണ്ടെങ്കിലും വേഗത്തിൽ റൺ റേറ്റ് ഉയർത്തുന്നതിൽ അദ്ദേഹം കാര്യമായ സംഭാവന ചെയ്യുന്നില്ല. ബൗളിംഗ് നിരയിൽ യുസ് വേന്ദ്ര ചാഹലും ക്രിസ് മോറിസും മൊഹമ്മദ് സിറാജും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
8-ാം തീയതിയാണ് രണ്ടാം ക്വാളിഫയർ മത്സരം നടക്കുക. 10ന് ദുബായിയാണ് ഫൈനൽ പോരാട്ടത്തിന് വേദിയാകുന്നത്.















