കൊല്ലം: കൊല്ലം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആദിച്ചനല്ലൂര്‍ സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ അനില്‍ കുമാറാണ് മരിച്ചത്. ഭാര്യ ബീനയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രാഥമിക അന്വേഷണത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇരുവരും വിഷം കഴിക്കാന്‍ കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ജൂലൈ ഒന്നിനാണ് ദമ്പതികള്‍ കൊല്ലം നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ മുറി ഒഴിയേണ്ടതായിരുന്നെങ്കിലും രാവിലെ മുതല്‍ ഇരുവരെയും പുറത്തുകാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വാതിലില്‍ പലതവണ മുട്ടി.
പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് അനില്‍ കുമാറിനെ മരിച്ച നിലയിലും ബീനയെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അനില്‍ കുമാറിന്റെ മരണം സ്ഥിരീകരിച്ചു. ബീനയെ പിന്നീട് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.















