ന്യൂഡൽഹി: കെയ്ത് ഗോംസിന്റെ ഷെയിംലെസ് എന്ന ഹ്രസ്വചിത്രത്തിന് ഓസ്‌കർ എൻട്രി. ഹ്രസ്വ ചിത്ര വിഭാഗത്തിലേക്കുള്ള ഔദ്യോഗിക എൻട്രിയാണ് ഷെയിംലസിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷെയിംലസ് റിലീസ് ചെയ്തത്. സാങ്കേതിക വിദ്യ മുന്നേറുമ്പോൾ നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളിലേക്കാണ് ചിത്രം വിരൽ ചൂണ്ടുന്നത്. 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
ഓസ്‌കർ ഔദ്യോഗിക എൻട്രി ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും കെയ്ത് ഗോംസ് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ മലയാള ചലച്ചിത്രം ജല്ലിക്കെട്ടും ഓസ്‌കർ എൻട്രി നേടിയിരുന്നു. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കെട്ടിന് ലഭിച്ചത്. 2011 ന് ശേഷം ആദ്യമായി ഓസ്‌കർ എൻട്രി നേടുന്ന മലയാള സിനിമയാണ് ജല്ലിക്കെട്ട്.















