ബംഗളൂരു: നടി മേഘ്ന രാജിനും കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ എല്ലാം വിവരം അറിയിച്ചിട്ടുണ്ടെന്നും എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും താരം കുറിച്ചു.
കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണ പരിശോധനയിൽ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് സമ്പർക്കത്തിലുണ്ടായിരുന്നവരേയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഉടൻ തന്നെ രോഗം ഭേദമായി തിരിച്ചുവരുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരിഭ്രമിക്കരുതെന്ന് ചീരുവിന്റെ ആരാധകരോട് അപേക്ഷിക്കുന്നുവെന്നും മേഘ്ന പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ കഴിഞ്ഞ ജൂണിലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഒക്ടോബറിലായിരുന്നു മകന്റെ ജനനം.















