അപൂര്‍വ്വമായ വിശ്വാസങ്ങളും സമ്പ്രദായങ്ങളും നിലനില്‍ക്കുന്ന നിരവധി പുരാതന ക്ഷേത്രങ്ങള്‍ നമ്മുടെ ഭാരതത്തില്‍ ഉണ്ട്. അത്തരത്തില്‍ ഒരു ക്ഷേത്രമാണ് ഗുജറാത്തിലെ സൂററ്റില്‍ സ്ഥിതി ചെയ്യുന്ന രാംനാഥ് ശിവ്ഖേലാ ക്ഷേത്രം. ഗുജറാത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. ഭഗവാന് നേര്‍ച്ചയായി അപൂര്‍വ്വങ്ങളായ പലതും ഭക്തര്‍ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ ക്ഷേത്രത്തില്‍ വിശ്വാസികള്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്നത് ജീവനുളള ഞണ്ടുകളെയാണ്.
കേള്‍ക്കുമ്പോള്‍ തന്നെ അതിശയവും അപൂര്‍വ്വവുമായി തോന്നുമെങ്കിലും ഇത് രാംനാഥ് ശിവ്ഖേലാ ക്ഷേത്രത്തിലെ വ്യത്യസ്തമായ ഒരു ആചാരം തന്നെയാണ്. എല്ലാ വര്‍ഷവും മകരസംക്രാന്തി നാളില്‍ നടത്തുന്ന വിശേഷാല്‍ പൂജയിലാണ് ഭക്തര്‍ ഭഗവാന് നേര്‍ച്ചയ്ക്കായി ജീവനുള്ള ഞണ്ടുകളെയുമായി ക്ഷേത്രത്തില്‍ എത്തുന്നത്. കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും രോഗമുക്തിയും ലഭിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ ജീവനുള്ള ഞണ്ടുകളെയുമായി ഇവിടെ എത്തുന്നു. നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തോട് അനുബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്.
സീതാ ദേവിയെ രാവണന് പിടിച്ചു കൊണ്ട് പോയി തടവിലാക്കിയപ്പോള്‍, സീതാദേവിയെ അന്വേഷിച്ചു കൊണ്ട് ശ്രീരാമ ഭഗവാന് ലങ്കയിലേക്കുള്ള പോകുമ്പോള്‍ യാത്രാമധ്യേ ഈ സ്ഥലത്ത് എത്തിയിരുന്നു വെന്നും കടല്‍ കടക്കുവാനുള്ള സമയത്ത് ഒരു ഞണ്ട് രാമന്റെ കാലില്‍ കടിച്ചു വെന്നും അതില്‍ സന്തോഷവാനായ ശ്രീരാമ ഭഗവാന് ഞണ്ടിനെ അനുഗ്രഹിച്ചു എന്നും അന്നു മുതല്‍ ഈ ക്ഷേത്രത്തില്‍ നേര്‍ച്ചയായി ഞണ്ടുകളെ സമര്‍പ്പിക്കാന്‍ തുടങ്ങി എന്നുമാണ് വിശ്വാസം. എന്നാല്‍ വിശ്വാസികള്‍ക്ക് നേര്‍ച്ചയായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന ഞണ്ടുകളെ ഉപദ്രവിക്കാതെ തിരികെ കടലിലേക്ക് തന്നെ വിടുകയാണ് ക്ഷേത്രത്തിലെ ജീവനക്കാര്‍ ചെയ്യുന്നത്.
Comments