ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ശൈത്യകാല സമ്മേളനം റദ്ദാക്കാന്‍ തീരുമാനിച്ച് പാര്‍ലമെന്റ് കാര്യവകുപ്പ്. സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ശൈത്യകാല സമ്മേളനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഇനി ജനുവരി മാസത്തെ ബഡ്ജറ്റ് സെഷനായി മാത്രം ഒത്തുകൂടിയാല്‍ മതി എന്നാണ് തീരുമാനം.
ഡല്‍ഹിയിലെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് പ്രത്യേക സെഷന് ശൈത്യകാല സമ്മേളനത്തില്‍ വേണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ജന്‍ ചൗദ്ധരി ആവശ്യ പ്പെട്ടിരുന്നു. അടിയന്തിരമായി നിയമ ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് ശൈത്യകാല സമ്മേളനം എങ്ങനെ നടത്തണമെന്ന ആലോചനാ യോഗം നടത്തിയത്. എന്നാലതില്‍ കൊറോണ വ്യാപനം ഇപ്പോഴും തുടരുന്നതിനാല്‍ ശൈത്യകാല സമ്മേളനം വേണ്ടന്ന നിലപാടാണ് ഭൂരിപക്ഷം നേതാക്കളും അറിയിച്ചത്.
സെപ്തംബറില്‍ അവസാനിച്ച മണ്‍സൂണ്‍ സെഷനില്‍ 10 തവണ ഇരുന്നശേഷമാണ് 27 ബില്ലുകള്‍ പാസ്സായത്. ബഡ്ജറ്റിന് മുന്നോടിയായി സമ്മേളനത്തില്‍ എല്ലാവിഷയങ്ങള്‍ക്കും വേണ്ടത്ര സമയം ലഭിക്കില്ലെന്നും പലരുടേയും ആരോഗ്യപ്രശ്നങ്ങളും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനുവരിയോടെ വാക്സിന് കുത്തിവെയ്പ്പ് ആരംഭിച്ചാല്‍ ആരോഗ്യസുരക്ഷ കുറേക്കൂടി ഉറപ്പുവരുത്താമെന്നും അംഗങ്ങള്‍ പറഞ്ഞതായി ജോഷി വ്യക്തമാക്കി. ആകെയുള്ള 785 പാര്‍ലമെന്റംഗങ്ങളില്‍ 200 പേര് 65 വയസ്സിന് മുകളിലുള്ളവരാണെന്നതും കൊറോണ സാദ്ധ്യത കൂട്ടുന്നുവെന്ന മുന്നറിയിപ്പും അംഗങ്ങള്‍ നല്കി.
Comments