മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശോകൻ. തന്റെ ജീവിതത്തിൽ സംഭവിച്ച ചതിയുടെ കഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. മയക്കുമരുന്ന് കേസിൽ ബന്ധമുള്ള ആളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഖത്തർ പോലീസ് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അശോകൻ വീഡിയോയിൽ പറഞ്ഞു. തന്റെ പുതിയ യുട്യൂബ് ചാനലായ ആക്ടർ അശോകനിലൂടെയാണ് ഈ സംഭവത്തെ കുറിച്ച് താരം ഓർത്തെടുക്കുന്നത്. 1988ലാണ് സംഭവം. ഇന്നും താൻ ഏറെ നടുക്കത്തോടെ ഓർക്കുന്ന സംഭവമാണിതെന്നും അശോകൻ പറയുന്നു.
അശോകന്റെ വാക്കുകൾ ഇങ്ങനെ, ‘ഒരു സുഹൃത്തിനെ കാണാനാണ് താൻ അന്ന് ഖത്തറിൽ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടൽ മുറിയിൽ കയറാൻ വേണ്ടി താക്കോൽ ഉപയോഗിച്ച് തുറക്കാൻ കഴിഞ്ഞില്ല. അപ്പോൾ ഞങ്ങളെ സഹായിക്കാൻ നാല് അറബികൾ വന്നു. അവർ അകത്ത് കയറുകയും വാതിൽ പൂട്ടുകയും ചെയ്തു.
ഞങ്ങൾ വല്ലാതെ ഭയന്നു. അവർ മുറി മുഴുവൻ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം അവർ തിരഞ്ഞു. പിന്നീടാണ് മനസിലായത് അവർ ഡിക്ടറ്റീവാണെന്ന്. എന്നിട്ട് അവർ എന്നെ നേരെ കൂട്ടിക്കൊണ്ടുപോയത് ഖത്തറിലെ പോലീസ് സ്‌റ്റേഷനിലേക്കാണ്.
അവർ എന്നെ അവരുടെ മേലുദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കി. അവർ പരസ്പരം എന്തൊക്കെയോ അറബിയിൽ പറയുന്നുണ്ടായിരുന്നു. എന്റെ സുഹൃത്തിനെ അതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിക്കൊണ്ടുപോയി. അയാളെ അവർ അടിച്ചുവെന്നാണ് തിരിച്ചെത്തിയപ്പോൾ പറഞ്ഞത്. അതിന് ശേഷം ഞങ്ങളെ ജയിലിൽ കൊണ്ടുപോയി. എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാൻ കരഞ്ഞു. എന്നാൽ എനിക്കൊപ്പം ഉണ്ടായിരുന്ന തടവുകാർ എന്നെ ആശ്വസിപ്പിച്ചു. ഏത് മനുഷ്യർക്കും ദൈവാനുഗ്രഹം ഉണ്ട്. നന്മ ചെയ്താൽ എന്നെങ്കിലും നമുക്ക് അത് തിരിച്ച് കിട്ടും.’ തുടർന്ന് ജയിലിൽ നിന്ന് മോചിതനായി. ഇക്കാര്യങ്ങളാണ് അശോകൻ വീഡിയോയിൽ പങ്കുവയ്‌ക്കുന്നത്.
വീഡിയോ…















