പനാജി: ഐഎസ്എല്ലിലെ ആവേശകരമായ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഹൈദരാബാദിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ ഹൈദരാബാദില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.
ആവേശകരമായ ഒന്നാം പകുതിയില്‍ ഈസ്റ്റ് ബംഗാളാണ് ഗോളടിയ്‌ക്ക് തുടക്കമിട്ടത്. 26-ാം മിനിട്ടില്‍ ജാക്വസ് മഗ്‌ഹോമ ഹൈദരാബാദിനെ ഞെട്ടിച്ചു. തുടര്‍ന്ന് ആവേശം വാനോളമുയത്തിയ നീക്കങ്ങള്‍ ഇരു ടീമുകളുടെയും ഭാഗത്തുനിന്നും ഉണ്ടായി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന്റെ ലീഡുമായാണ് ഈസ്റ്റ് ബംഗാള്‍ കളി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയില്‍ കളി മാറി. കളി തുടങ്ങി 10 മിനിട്ടിനുള്ളില്‍ തന്നെ ഹൈദരാബാദിന്റെ സമനില ഗോളെത്തി. അരിഡാനെ സാന്റാനയുടെ വകയായിരുന്നു ഗോള്‍. തൊട്ടുപിന്നാലെ സാന്റാന രണ്ടാമതും വല ചലിപ്പിച്ച് ഹൈദരാബാദിനെ മുന്നിലെത്തിച്ചു. വെറും 8 മിനിട്ടുകള്‍ക്കുള്ളില്‍ ഹാളിചരന്‍ നര്‍സാരിയിലൂടെ ഹൈദരാബാദിന്റെ മൂന്നാം ഗോളെത്തി. 81-ാം മിനിട്ടില്‍ മഗ്‌ഹോമ രണ്ടാം ഗോള്‍ നേടി ഈസ്റ്റ് ബംഗാളിന് പ്രതീക്ഷ നല്‍കിയെങ്കിലും അന്തിമ ഫലം ഹൈദരാബാദിന് അനുകൂലമാകുകയായിരുന്നു.















