മസ്ക്കറ്റ്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഔദ്യോഗികയാത്രയുടെ ഭാഗമായി ഓമാനിലെത്തി. മസ്ക്കറ്റിലെ പ്രശസ്തമായ മോതീശ്വര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് വിദേശകാര്യ സഹമന്ത്രി സന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്.
‘ തന്റെ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലെ പുരാതന ക്ഷേത്രം സന്ദര്‍ശിക്കാനായതില്‍ അഭിമാനമുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള വര്‍ഷങ്ങളായുള്ള സാംസ്കാരിക ബന്ധത്തിന്റെ തെളിവാണ് മോതീശ്വര ക്ഷേത്രം.’ മുരളീധരന് ട്വീറ്റ് ചെയ്തു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി വി. മുരളീധരന് ഒമാനിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ മുന്നു മഹാവര്‍ മന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. കേന്ദ്രമന്ത്രി എന്ന നിലയില്‍ മുരളീധരന് ആദ്യമായാണ് ഒമാനിലെത്തുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെ വിദേശകാര്യ മന്ത്രിയേയും തൊഴില്‍ മന്ത്രിയേയും മുരളീധരന് നേരിട്ട് കാണും. ഒപ്പം പുതുതായി രൂപീകരിച്ച ഒമാന്‍-ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പ്രതിനിധികളുമായും കേന്ദ്രമന്ത്രി സംവദിക്കും. പാര്‍ലമെന്ററികാര്യ സഹമന്ത്രി എന്ന ചുമതലകൂടിയുള്ളതിനാല് ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്, പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തകര്‍, യോഗാ പരിശീലന സംഘടനകള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
Comments