ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിപുലമായ റോഡ് നിര്‍മ്മാണത്തില്‍ ഉപഗ്രഹക്കണ്ണുകളുറപ്പിച്ച് ഇന്ത്യ ജാഗ്രതയില്‍. കാരക്കോറം മുതല്‍ അക്സായ് ചിന് മേഖല വരെ 3488 കിലോമീറ്റര്‍ ദൂരത്തില്‍ ചൈന പണിതിരിക്കുന്ന പാതയെയാണ് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ചൈന കാരക്കോറം മേഖലയിലെ റോഡിന്റെ വീതി 8 മുതല്‍ 10 മീറ്റര്‍ വരെയാക്കിയതുമൂലം ലഡാക്കിലെ ദൗലത് ബാഗ് ഓള്‍ഡിയിലേക്ക് എത്താനാകുമെന്ന അപകടവും ഇന്ത്യന്‍ സേന തിരിച്ചറിഞ്ഞിട്ടുണ്ട്.
റോഡിനൊപ്പം ഹൈവേയുടെ വിവിധ മേഖലകളില്‍ സൈനിക താവളങ്ങളും ചൈന പണിതിരിക്കുന്നതിനെ കരസേന കൃത്യമായി മനസ്സിലാക്കികഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ സാന്നിദ്ധ്യം ലഡാക്കിലുള്ളതിനാല് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഏതു അപകടകരമായ സൈനിക നീക്കം നടത്തിയാലും അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ലഡാക്കില്‍ നിന്നും പിന്നോട്ട് പോകുന്നു എന്ന് ചൈന പറയുമ്പോഴും ഹൈവേയിലെ പല സൈനിക ക്യാമ്പുകളിലേക്കാണ് ചൈനീസ് സേന പിന്‍വാങ്ങുന്നതെന്നും കരസേന കണ്ടെത്തിയിട്ടുണ്ട്.
ഗോല്മുണ്ടില് ചൈന ഇന്ധനങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം മുന്നേ ഒരുക്കി യിരുന്നു. നിലവില്‍ നിയന്ത്രണ രേഖയില്‍ നിന്നും ആയിരം കിലോമീറ്റര്‍ മാറി പുതിയ ഒരു ഡിപ്പോ ചൈന സ്ഥാപിച്ചതായും കരസേന കണ്ടെത്തി. എന്നാല്‍ ഈ പ്രദേശത്തു നിന്നും ലാസയിലേക്കും ടിബറ്റിന്റെ റെയില്‍ സംവിധാനം വഴി എത്താമെന്നത് ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുകൂടാതെ സിക്കിം മേഖലയില്‍ പാംങ്ക് താ വ്യോമതാവളത്തോടനുബന്ധിച്ച് രണ്ട് ഭൂഗര്‍ഭ സംവിധാനങ്ങളും ചൈന തയ്യാറാക്കിയിരിക്കുകയാണ്.
കാരക്കോറം തുരങ്ക പാതയോടടുത്ത് കാംഗ്സീവാര് സൈനിക താവളം ചൈന 1962 മുതലേ പ്രവര്‍ത്തന സജ്ജമാക്കിയതാണ്. ഇത് കണക്കിലെടുത്താണ് ഇന്ത്യ ഉപഗ്രഹ സംവിധാനത്തെ ശക്തിപ്പെടുത്തി ജാഗ്രത കൂട്ടിയത് . ഇതിനൊപ്പം ഉയിഗുര്‍ മേഖലയിലെ വ്യോമ താവളം വഴി കിഴക്കന്‍ ലഡാക്കിനെ ലക്ഷ്യമിട്ടാണ് ചൈനയുടെ പുതിയ നീക്കം. ഹോതാനെന്ന് വിളിക്കപ്പെടുന്ന ഈ പ്രദേശം ലഡാക്കില്‍ നിന്നും കേവലം 320 കിലോമീറ്റര്‍ മാത്രമാന്നതിനാല് ഇന്ത്യന്‍ സേന ഇത്തരം എല്ലാ പ്രദേശത്തേക്കും എത്തുന്ന അതിര്‍ത്തി സുരക്ഷാ സംവിധാനമാണ് ഇന്ത്യ നടപ്പാക്കിയിട്ടുള്ളതെന്ന് കരസേന ദേശീയ മാദ്ധ്യമങ്ങളോടായി പറഞ്ഞു.
Comments