മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാളിദാസ് ജയറാം. പാവ കഥൈകളിലെ മികച്ച പ്രകടനത്തിനാണ് കാളിദാസിന് സോഷ്യല്‍ മീഡിയ വഴി അഭിനന്ദന പ്രവാഹം ലഭിച്ചത്. ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലെ സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രത്തിനാണ് ഇത്രയധികം പ്രശംസ ലഭിച്ചിരിക്കുന്നത്. നിരവധി വൈകാരിക രംഗങ്ങളിലൂടെ കടന്നു പേകുന്ന ഈ ചിത്രത്തിലെ കാളിദാസിന്റെ അഭിയം ആരേയും അമ്പരപ്പിക്കുന്ന തരത്തിലുളളതാണ്. ഭവാനി ശ്രി, ശന്തനു ഭാഗ്യരാജ് എന്നിവരും ഈ ചിത്രത്തിലുണ്ട്.
പുത്തം പുതുകാലൈയ്‌ക്ക് ശേഷം തമിഴില്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളില്‍ ബഹുമാനവും, സ്നേഹവും, പാപവും, അഭിമാനവും പറയുന്ന നാല് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. സുധ കൊങ്കരയെ കൂടാതെ വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് പാവൈ കഥൈകള്‍ ഒരുക്കിയത്. നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനാണ് ചിത്രം. റോണി സ്‌ക്രൂവാലയുടെ ആര്‍എസ് വിപി മൂവീസാണ് നിര്‍മ്മാണം.
വിഘ്‌നേഷ് ശിവന്‍ ചിത്രമായ ലവ് പണ്ണ ഉട്രനും, വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍, ഗൗതം വാസുദേവ മേനോന്റെ വാന്‍മകള്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്‌ലിന്‍, സായ് പല്ലവി എന്നിവരാണ് ഈ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിലെത്തിയത്. എന്നാല്‍ മലയാള സിനിമയില്‍ ലഭിച്ചതിനെക്കാള്‍ സ്വീകാര്യതയാണ് പാവ കഥൈകളിലെ മികച്ച പ്രകടനത്തിന് ലഭിച്ചത്.















