തിരുവനന്തപുരം: കൊറോണ വാക്സിനേഷനുളള 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍ തിരുവനന്തപുരത്തെ സംഭരണ കേന്ദ്രത്തില്‍ എത്തി. വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ സംവിധാനങ്ങള്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചിരിക്കുന്നത്. ലാര്‍ജ് ഐ.എല്‍.ആര്. 20, വാസ്കിന് കാരിയര്‍ 1800, കോള്‍ഡ് ബോക്സുകള്‍, ഐസ് പായ്ക്ക് 12,000 എന്നിവ നേരത്തെ എത്തിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നല്കിയ ശീതീകരണ ഉപകരണങ്ങള്‍ക്ക് പുറമേ സംസ്ഥാനവും സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രിയും രാവിലെ പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ വാക്സിനേഷനായി സംസ്ഥാനത്ത് 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശേഷം വയോജനങ്ങളാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്ളത്. എന്നാല്‍ ഇതിന് 50 ലക്ഷത്തോളം വാക്സിന് വേണ്ടിവരും.
വാക്സിന് കുത്തിവയ്പ്പിന് മുന്നോടിയായുളള ഡ്രൈ റണ്‍ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ വിജയകരമായി നടന്നു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
രാവിലെ 9 മുതല്‍ 11 മണി വരെയായിരുന്നു ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുത്തത്. വാക്സിന് രജിസ്ട്രേഷന് മുതല്‍ ഒബ്സര്‍വേഷന്‍ വരെ കോവിഡ് വാക്സിനേഷന് നല്കുന്ന നടപടിക്രമങ്ങള്‍ അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തിയത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Comments