കൊച്ചി: ഗാനഗന്ധർവ്വർ യേശുദാസ് തന്റെ 81-ാം പിറന്നാളാഘോഷിക്കാൻ ഇത്തവണ കൊല്ലൂർ മൂകാംബികാ സന്നിധിയിലെത്തില്ല. കഴിഞ്ഞ 48 വർഷമായി തന്റെ പിറന്നാൾ ദിനമായ ജനുവരി 10ന് അദ്ദേഹം കുടുംബസമ്മേതം ദേവിയുടെ സന്നിധിയിൽ ഭജനയിരുന്നാണ് ആഘോഷിച്ചത്. എന്നാൽ ഇത്തവണ ആ പതിവില്ല. കൊറോണ സാഹചര്യം കണക്കിലെടുത്താണ് യേശുദാസ് ഇത്തവണ ക്ഷേത്ര ദർശനം മാറ്റിവച്ചത്.
യേശുദാസിന്റെ സുഹൃത്തും ഗാനരചയിതാവുമായ ആർ.കെ ദാമോദരനുമായുള്ള ഫോൺ സംഭാഷണത്തിലാണ് മൂകാംബിക ദേവിയുടെ സന്നിധിയിലെത്താനാവില്ലെന്ന വിവരം അദ്ദേഹം അറിയിച്ചത്.
2021ലെ ജനുവരി 10ന് ജന്മദിനവും ജനുവരി 13ന് പിറന്നാളും അടുത്തടുത്ത് വരുന്നതിനാൽ ഈ ദിവസങ്ങളിൽ മൂകാംബിക സന്നിധിയിലുണ്ടാകണമെന്ന ആഗ്രഹം യേശുദാസ് ദാമോദരനുമായി നേരത്തെ പങ്കുവെച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് ഇത്തവണ യുഎസിലെ വീട്ടിൽ പൂജാമുറിയിൽ വിളക്ക് കൊളുത്തി ജപധ്യാന ഗാനാരാധന ചെയ്യാനാണ് യേശുദാസിന്റെ തീരുമാനം.
മാർച്ചിൽ നാട്ടിലെത്താനാണ് യേശുദാസ് ആലോചിക്കുന്നത്. അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള മൂകാംബിക സംഗീതോത്സവം തന്റെ അസാന്നിധ്യത്തിൽ പതിവ് പോലെ നടക്കുമെന്നും യേശുദാസ് അറിയിച്ചിട്ടുണ്ട്.















