ലക്നൗ : രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിച്ചതിന് പിന്നാലെ സോണിയ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായ റായ് ബറേലിയും പിടിച്ചടക്കാനുള്ള നീക്കങ്ങളുമായി ബിജെപി. കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ വരും മാസങ്ങളിൽ റായ് ബറേലിയിൽ സന്ദർശനം നടത്തും. ബിജെപിയുടെ പ്രവർത്തനങ്ങൾ മണ്ഡലത്തിലെ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
രാഹുൽ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായ അമേഠി പിടിച്ചെടുത്ത സ്മൃതി ഇറാനിയും റായ് ബറേലി സന്ദർശിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും, റായ് ബറേലിയുടെ ചുമതലയുമുള്ള ധിനേഷ് ശർമ്മയും നെഹ്രു കുടുംബത്തിന്റെ ആധിപത്യം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ശക്തമായ പ്രവർത്തനങ്ങൾ സംബന്ധിച്ച സൂചനകൾ നൽകുന്നു.
പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന്യമേറിയ മണ്ഡലമാണ് റായ് ബറേലിയെന്ന് ഉത്തർപ്രദേശ് ബിജെപി ഉപാദ്ധ്യക്ഷൻ വിജയ് പഥക് പറഞ്ഞു. രാപ്പകൽ വ്യത്യാസമില്ലാതെ റായ് ബറേലിയിൽ പാർട്ടി പ്രവർത്തിക്കുന്നുണ്ട്.2014, 2019 എന്നീ വർഷങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷവും ഇത് ബിജെപി തുടരുകയാണ്. പാർട്ടി സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലങ്ങളിലാണ് ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാറ്. ഇതിന്റെ ഭാഗമായി 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സ്ഥിരം മണ്ഡലമായ അമേഠി സ്വന്തമാക്കാൻ പാർട്ടിയ്ക്കായി. അടുത്ത തെരഞ്ഞെടുപ്പിൽ റായ് ബറേലിയിലും ബിജെപി ജയിക്കുമെന്നും പഥക് വ്യക്തമാക്കി.
മോദി സർക്കാരിന്റെയും, സംസ്ഥാന സർക്കാരിന്റെയും നേട്ടങ്ങൾ ജനങ്ങളിൽ എത്തിച്ചാകും തങ്ങളുടെ പ്രവർത്തനങ്ങളെന്ന് റായ് ബറേലി ബിജെപി അദ്ധ്യക്ഷൻ രാംദേവ് പാലും വ്യക്തമാക്കി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും റായ് ബറേലി ബിജെപി സ്വന്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments