തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഗൃഹസമ്പർക്കപരിപാടിക്ക് തുടക്കമിട്ട് സിപിഎം. ബ്രാഞ്ച് പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ സമ്പർക്കത്തിൽ പങ്കാളികളാവണമെന്നാണ് പാർട്ടിയുടെ നിർദേശം. തെരഞ്ഞെടുപ്പിനായുള്ള ഫണ്ട് സമാഹരണവും ഇതിനോടൊപ്പം നടക്കും. ഈ മാസം 31 വരെയാണ് സമ്പർക്ക പരിപാടി തീരുമാനിച്ചിരിക്കുന്നത്.
ഭാവിയില്‍ നടപ്പാക്കേണ്ട കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികളെ കുറിച്ച് ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വീകരിക്കുക. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നീ ലക്ഷ്യങ്ങളാണ് സമ്പർക്കപരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് വ്യക്തമാക്കിയത്.
സിപിഎം പോളിറ്റ് ബ്യൂറോ യോഗവും ഇന്ന് ചേരുന്നുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആയിരിക്കും പോളിറ്റ് ബ്യൂറോയിലെ പ്രധാന ചർച്ച. പാര്‍ലമെന്റ് ബജറ്റ് സമ്മേളനവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പിബി വിലയിരുത്തും. കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള പിബി റിപ്പോര്ട്ടിന്മേലും അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ചും ചര്‍ച്ച നടക്കും.
Comments